ഇന്ത്യയുടെ സിലിക്കൺ വാലിയെന്നറിയപ്പെടുന്ന പട്ടണമാണ് ബെംഗളൂരു. അതുപോലെ ട്രാഫിക് ബ്ലോക്കിനും ഏറെ പേരുകേട്ട സ്ഥലമാണവിടം. കഴിഞ്ഞ ദിവസം ബെംഗളൂരുവിലുണ്ടായ ഗതാഗതക്കുരുക്ക് പതിവിലും അധികമായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട വാഹനക്കുരുക്ക് ഉണ്ടാകാൻ കാരണമെന്താണെന്നാണ് ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
ബെംഗളൂരു നഗരാതിർത്തിയായ ഔട്ടർ റിംഗ് റോഡിലായിരുന്നു അഭൂതപൂർവ്വമായ ഗതാഗത തിരക്കുണ്ടായത്. കവേരി നദീജല വിതരണം സംബന്ധിച്ച പ്രതിഷേധവും, ഹാസ്യനടനായ ട്രെവർ നോഹയുടെ ഷോയും, വിഗ്രഹ നിമജ്ജന ഘോഷയാത്രയും ഒരേദിവസം, ഒരേസമയം വന്നതോടെ നഗരത്തിൽ വലിയ വാഹന കുരുക്കിന് കാരണമായി. റോഡിലെ വാഹനങ്ങൾ ഒച്ചുകളെ പോലെ ഇഴഞ്ഞു. പലരും ഓഫീസുകളിലെത്താൻ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ എടുത്തു. ട്രാഫിക് ബ്ലോക്ക് ആരംഭിച്ചോതടെ ഔട്ടർ റിംഗ് റോഡിലേക്ക് വാഹനങ്ങളുമായി ആളുകൾ ഇറങ്ങരുതെന്ന് എക്സിലൂടെ പോലീസ് നിർദ്ദേശം നൽകി. 10 കി.മീ ദൂരം മാത്രം സഞ്ചരിക്കാൻ 5 മണിക്കൂറാണ് പലരും എടുത്തതെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വന്ന കുറിപ്പുകൾ വ്യക്തമാക്കുന്നു. ശരാശരി വേഗത 2 കി.മീ ആയിരുന്നു.















