എറണാകുളം: ആലുവയില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരനെ വെടിവ്വച്ച് കൊലപ്പെടുത്തി ഹൈക്കോടതി ജീവനക്കാരന്‍. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സനാണ് മരിച്ചത് (48). അനുജന്‍ ഹൈക്കോടതി സെക്ഷന്‍ ഓഫീസര്‍ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തോമസിന്റെ ബൈക്ക് രാവിലെ പോള്‍സന്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍ ഉപയോഗിച്ച് തോമസ് പോള്‍സനെ വെടിവയ്‌ക്കുകയായിരുന്നു.
തോമസ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. വൈകിട്ട് മുതല്‍ ആരംഭിച്ച തര്‍ക്കവും അടിപിടിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തോമസ് ബൈപ്പോളാര്‍ ഡിസ്ഓര്‍ഡറിന് മരുന്ന് കഴിക്കുന്നതായി വിവരമുണ്ട്.















