ന്യൂഡൽഹി: ആഘോഷങ്ങൾ എപ്പോഴും നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണമെന്ന് ആർമി റിസർച്ച് ആൻഡ് റെഫറൽ ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് കമാൻഡന്റ് ലെഫ്റ്റനന്റ് ജനറൽ അജിത്ത് നീലകണ്ഠൻ. മലയാളികൾ എവിടെ ആയാലും ഒത്തുകൂടി നടത്തുന്ന ഓണാഘോഷം എപ്പോഴും നാടിന്റെ ഓർമ്മകൾ നൽകുന്നതാണെന്നും നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ ഡൽഹി യുവകൈരളി സൗഹൃദവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ‘ആർപ്പോ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ.
മനുഷ്യൻ ഒന്നാകുകയും മനസ്സ് നന്നായിരിക്കുകയും ചെയ്ത കാലത്തിന്റെ ഓർമ്മയാണ് ഓണം. ഓണം മനസ്സിന്റെ നന്മയെയും സന്തോഷത്തെയുമാണ് സൂചിപ്പിക്കുന്നത്. ഓണത്തെക്കുറിച്ച് എഴുതാത്ത കവിതകളോ പാടാത്ത പാട്ടുകാരോ ഇല്ല. എല്ലാവരും ഒന്നിച്ചുകൂടുമ്പോഴുള്ള സന്തോഷമാണ് ഓണാഘോഷമെന്നും പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ പറഞ്ഞു.
ചടങ്ങിൽ ഡൽഹി സർവ്വകലാശാല ഡീൻ ഓഫ് കോളേജസ് ബൽറാം പാണി അദ്ധ്യക്ഷത വഹിച്ചു. യുവകൈരളി അദ്ധ്യക്ഷൻ പി.എസ്. ഗംഗ, ജനറൽ സെക്രട്ടറി എസ്.ജി. വിശ്വേശ്വരൻ എന്നിവർ സംസാരിച്ചു. വർക്കിംഗ് പ്രസിഡന്റ് അനഘ നന്ദാനത്ത്, മറ്റ് ഭാരവാഹികളായ എ. സഞ്ജയ്, നിരഞ്ജന കിഷൻ, അശ്വതി കൃഷ്ണ, എൻ. അഖില, ജി. അദ്വൈത്, ജെ. മാധവ്, സായിശ്രീ, ഗായത്രി, അനിരുദ്ധ്, അഭിമന്യു, അനുപമ, സന്മയ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കലാസാംസ്‌കാരിക പരിപാടികളും കായികമത്സരങ്ങളും അരങ്ങേറി.