തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണൻ ഇഡിയ്‌ക്ക് മുമ്പിൽ ഹാജരായി. ഇന്ന് പുലർച്ചെ കൊച്ചി ഓഫീസിൽ എത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് രണ്ടാം തവണയാണ് കണ്ണനെ ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിക്കുന്നത്. എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സർവീസ് സഹകരണ ബാങ്കിൽ മുമ്പ് ഇ.ഡി.റെയ്ഡ് നടത്തിയിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനുമായി എംകെ കണ്ണൻ കൂടിക്കാഴ്ച നടത്തി. തൃശൂർ രാമനിലയത്തിൽ എത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിക്കൊപ്പം മറ്റ് മുതിർന്ന സിപിഎം നേതാക്കളും രാമനിലയത്തിൽ ഉണ്ടായിരുന്നതായാണ് വിവരം.
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ എ.എസി. മൊയ്തീന് ശേഷം ഇഡി ചോദ്യം ചെയ്യുന്ന രണ്ടാമത്തെ സിപിഎം സംസ്ഥാന നേതാവാണ് എം.കെ കണ്ണൻ. നിരവധി പ്രാദേശിക നേതാക്കളെ ഇഡി ചോദ്യം ചെയ്തിരുന്നു. കേസിൽ സിപിഎം നേതാവായ അരവിന്ദാക്ഷന്റെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.















