തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ നാണക്കേട് മറയ്‌ക്കാൻ പുതിയ നീക്കവുമായി സിപിഎം. പ്രതിസന്ധി പരിഹരിക്കാനായി കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ കരുവന്നൂരിലേക്ക് മാറ്റുമെന്നാണ് വിവരം. അതുവഴി നിക്ഷേപകർക്ക് പണം നൽകി തടിയൂരാനാണ് പാർട്ടിയുടെ ശ്രമം.
മൂന്ന് ദിവസത്തിനുള്ളിൽ പണം ഇത്തരത്തിൽ കൈമാറിയേക്കും. കേരളാ ബാങ്ക് മുടക്കുന്ന തുക പിന്നീട് കൺസോര്‍ഷ്യത്തിൽ നിന്നാണ് സമാഹരിക്കുക. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 11ന് കേരളാ ബാങ്കിന്റെ ബോർഡ് യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കും. അതിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ബാങ്ക് വൈസ് ചെയർമാനുമായ എം.കെ കണ്ണനുമായുള്ള കൂടിക്കാഴ്ച നടന്നതിന് ശേഷമാണ് കേരളാ ബാങ്കിൽ നിന്നും വൻതുക കരുവന്നൂരിലേക്ക് മാറ്റാനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം എം.കെ കണ്ണൻ ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി വ്യക്തമാക്കി. തനിക്ക് വിറയൽ അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു ഇഡിക്ക് മുമ്പിലെത്തിയ എംകെ കണ്ണന്റെ മറുപടി. എന്നാൽ ഇതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട കണ്ണൻ, ഇഡി വേട്ടയാടുകയാണെന്നും നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും പ്രതികരിച്ചു. പാർട്ടിയുടെ പൂർണ പിന്തുണ കൂടെയുണ്ടെന്നും കണ്ണൻ വ്യക്തമാക്കി.
കരുവന്നൂരിലെ പ്രതിസന്ധി തീർക്കാൻ നിലവിൽ 30 കോടി രൂപ എത്തിച്ചിട്ടുണ്ടെന്നും 40 കോടി രൂപ കൂടിയുണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനാകുമെന്നുമാണ് എം.കെ കണ്ണന്റെ വാദം. ഇതിനോടകം കുറെ നിക്ഷേപകരുടെ പണം നൽകാനായി എന്നും 84 കോടി രൂപ വിതരണം ചെയ്തതായും കണ്ണൻ പ്രതികരിച്ചു.















