മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കും സ്റ്റാഫ് നഴ്‌സിനുമെതിരെ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ഡോക്ടർമാരെ സർവീസിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്‌സ് രക്തം നൽകിയത്. ഡ്യൂട്ടി ഡോക്ടർക്കും വാർഡ് നഴ്‌സിനും ജാഗ്രത കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ഇന്നലെയാണ് മലപ്പുറം സ്വദേശിനി റുക്‌സാനയ്‌ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസറ്റീവ് രക്തം നൽകിയത്. എട്ട് മാസം ഗർഭിണിയായ റുക്‌സാനയ്‌ക്ക് രക്ത കുറവ് കണ്ടെത്തിയതിനെ തുടർന്ന് രക്തം കയറ്റാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസം രക്തം കയറ്റി.
മൂന്നാം ദിനം രക്തം കയറ്റുന്നതിനിടെ യുവതിക്ക് വിറയൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് രക്തം ാമറിയതായി കണ്ടെത്തിയത്. പിന്നാലെ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതി ഐസിയുവിൽ തുടരുകയാണ്.