തിരുവനന്തപുരം: വിജിലൻസിന്റെ ‘ഓപ്പറേഷൻ മൂൺലൈറ്റ്’ ഭാഗമായി സംസ്ഥാനത്തെ വിവിധ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന. മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്ന് അധിക വില ഈടാക്കുന്നുവെന്ന പരാതിയിലാണ് പരിശോധന. മദ്യം വാങ്ങാനെത്തുന്നവരെ തെറ്റിദ്ധരിപ്പിച്ച് വിലകൂടിയ മദ്യം അടിച്ചേൽപ്പിക്കുന്നതായും പരാതി ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ തലസ്ഥാനത്ത് മാത്രം 11 ഇടങ്ങളിൽ പരിശോധന നടത്തി.
വിവിധഭാഷ തൊഴിലാളികളിൽ നിന്ന് അമിത വില ഈടാക്കിയാണ് മദ്യം വിറ്റിരുന്നത്. കൂടാതെ ഇവർക്ക് പല ഔട്ട്‌ലെറ്റുകളിൽ നിന്നും ബില്ലുകളും ലഭിച്ചിരുന്നില്ല. വിലകുറഞ്ഞ മദ്യത്തിന് സ്റ്റോക്കുണ്ടെങ്കിലും വില കൂടിയ മദ്യമാണ് പലർക്കും നൽകിയിരുന്നത്. ഇതിന് പ്രത്യുപകാരമായി മദ്യക്കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നും ആരോപണമുണ്ട്.