തൃശൂർ: സഹകരണ മേഖലയിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. ഇക്കഴിഞ്ഞ മൂന്ന് വർഷത്തെ ധന വിനിയോഗം സംബന്ധിച്ച് അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. സഹകരണ മേഖലയിലെ അഴിമതിയുടെ പങ്കിൽ നിന്നും സിപിഎമ്മിനും സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ല. ഇത് മറക്കാനാണ് സിപിഎം കേന്ദ്രത്തെ പഴിചാരുന്നതെന്നും എം ടി രമേശ് കുറ്റപ്പെടുത്തി.
സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് കരുവന്നൂരിന്റെ ഈ അവസ്ഥയ്‌ക്ക് കാരണം .സഹകരണ മേഖലയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം. സഹകരണ മേഖലയിൽ ഏകീകൃത സോഫ്റ്റ് വെയർ വേണം. കേരളം എന്തിന് ഏകീകൃത സോഫ്റ്റ് വെയറിനെ എതിർക്കുന്നുവെന്നും എം ടി രമേശ് ചോദിച്ചു.
അതേസമയം സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശൂർ സഹകരണ ബാങ്കിലേക്ക് ബിജെപി പദയാത്ര നടത്തും. സഹകാരി സംരക്ഷണ പദയാത്ര എന്ന പേരിലാണ് യാത്ര. നടനും മുൻ എംപിയുമായ സുരേഷ് ഗോപി നയിക്കുന്ന യാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.