മലപ്പുറം: വീട്ടുമുറ്റത്ത് നിന്ന സ്ത്രീക്ക് കുരങ്ങന്റെ ആക്രമണത്തില്‍ കൈയൊടിഞ്ഞു. കുരങ്ങ് വീട്ടുമുറ്റത്തെ തെങ്ങിലെ തേങ്ങ പറിച്ച് വീട്ടമ്മയെ എറിയുകയായിരുന്നു. ഇടത് കൈയാണ് ഒടിഞ്ഞത്. വിചിത്രമെന്നു തോന്നുമെങ്കിലും സംഭവം സത്യമാണ്. വനത്തോട് ചേര്‍ന്ന മേഖലയിലെ സ്വന്തം വീടിന് മുന്നിലായിരുന്നു സംഭവം.
കൈ ഒടിഞ്ഞ സ്ത്രീയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പന്നി, കുരങ്ങ് എന്നിവ വനത്തില്‍ പെരുകി. വാനരന്മാര്‍ പകലും പന്നിക്കൂട്ടം രാത്രിയും കൃഷിയിടങ്ങളില്‍ കടന്നു വിളകള്‍ നശിപ്പിക്കുകയാണ്. പന്നിയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുന്നുണ്ടെങ്കിലും പ്രദേശത്ത് ആദ്യമായാണ് മനുഷ്യനെ കുരങ്ങ് ആക്രമിക്കുന്നത്.
അമരമ്പലം മാമ്പൊയിലില്‍ പോക്കാട്ടില്‍ സലോമിക്കാണ് (56) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ജോലി ചെയ്യുമ്പോഴാണ് സംഭവം.അമരമ്പലം റിസര്‍വ് വനത്തിന് സമീപം ആണ് മാമ്പൊയില്‍ പ്രദേശം. വനത്തിന്റെ മൂന്ന് വശം ജനവാസ മേഖലയും ഒരു ഭാഗം പുഴയും ആണ്.