ന്യൂഡൽഹി: നമ്മുടെ ചിന്തകളും ലക്ഷ്യങ്ങളും പെരുമാറ്റവും ശുദ്ധമായാൽ നമ്മുടെ വീടും പരിസരവും വൃത്തിഹീനമാകില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ‘സ്വച്ഛ് ഭാരത്’എന്ന കേന്ദ്രസർക്കാരിന്റെ കാഴ്ചപ്പാട് നാം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ‘സ്വച്ഛത ഹി സേവ’ക്യാമ്പെയിനിന്റെ ഭാഗമായി ഡൽഹി കന്റോൺമെന്റിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
നരേന്ദ്രമോദി സർക്കാർ ആരംഭിച്ച ‘ശുചിത്വ ഇന്ത്യ’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി തീക്ഷ്ണതയോടും അർപ്പണബോധത്തോടും കൂടി നാം പ്രവർത്തിക്കണം. ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിന്റെ സ്ഥാപക ദിനത്തിൽ ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലെ എല്ലാ ഉദ്യോഗസ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ കഴിവ്, സത്യസന്ധത, കഠിനാദ്ധ്വാനം എന്നിവ ഉപയോഗിച്ച് ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. തികച്ചും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വച്ഛത ഹി സേവ’ക്യാമ്പെയിനിന്റെ ഭാഗമായി 20,000-ത്തിലധികം ഉദ്യോഗസ്ഥർ 1,100-ലധികം ഓഫീസുകളും റെസിഡൻഷ്യൽ പ്രദേശങ്ങളും വൃത്തിയാക്കി. ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നിരവധി ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള പ്രതിരോധ, സേവന മന്ത്രാലയത്തിന്റെ വിവിധ സ്ഥാപനങ്ങളിലും സംഘടനകളിലും ശുചിത്വ ഡ്രൈവുകൾ ആരംഭിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഫിനാൻഷ്യൽ അഡൈ്വസർ, രസിക ചൗബെ, സിജിഡിഎ എസ്ജി ദസ്തിദാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.