തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ തട്ടിപ്പിന് കൂട്ട് നിന്നിട്ടില്ലെന്ന് ബാസിത്. അഖിൽ സജീവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അഖിൽ സജീവാണ് ജോലി ഒഴിവ് അറിയിച്ചതെന്നും ബാസിത് പറഞ്ഞു
അഖിൽ മാത്യുവിന്റെ പരാതിയിൽ കഴിഞ്ഞ ദിവസങ്ങളിലാണ് ഹരിദാസന്റെയും, ബാസിതിന്റേയും മൊഴി രേഖപ്പെടുത്തിയത്. തനിക്ക് അഖിൽ സജീവനെ അറിയില്ല, തട്ടിപ്പുമായി ബന്ധമില്ല. തനിക്ക് അഖിൽ സജീവൻ പണം നൽകിയിട്ടില്ലെന്നും ബാസിത് മൊഴി നൽകി.
എന്നാൽ തനിക്ക് ലെനിനെ അറിയാമെന്ന് ബാസിത് സമ്മതിച്ചിട്ടുണ്ട്. ഹരിദാസിന്റ മരുമകൾ ജോലിക്ക് അപേക്ഷിച്ചത് അഖിൽ സജീവിനെ അറിയിച്ചത് താൻ ആണെന്നും ലെനിൻ രാജിനോട് ഇക്കാര്യം പറഞ്ഞെന്നും ബാസിത് മൊഴി നൽകിയിട്ടുണ്ട്. ലെനിൻ രാജാണ് അഖിൽ സജീവനെ അറിയിച്ചതെന്നും ലെനിൻ രാജിനും 50,000 രൂപ നൽകിയിരുന്നുവെന്നും ബാസിത് മൊഴിയിൽ പറയുന്നു.
ഹരിദാസിനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നായിരുന്നു ബാസിത് ആദ്യം മൊഴി നൽകിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇന്ന് വീണ്ടും ഹരിദാസിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
അതേസമയം പോലീസിന് വാട്‌സ്ആപ്പ് സന്ദേശങ്ങളും തെളിവുകളും ഹരിദാസൻ നൽകിയിട്ടുണ്ട്. ബാസിതിന്റെ മൊഴി തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് പുറത്തു വിട്ടാൽ മാത്രമാണ് യഥാർത്ഥ സത്യം പുറത്ത് വരുക. ബാസിതിനെ അവിശ്വസിക്കേണ്ടതില്ലെന്നാണ് പരാതിക്കാരൻ ഹരിദാസ് നേരത്തെ പ്രതികരിച്ചത്. പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്തും സി.പി.ഐ. വിദ്യാർത്ഥി സംഘടനയുടെ നേതാവുമായിരുന്ന കെ.പി. ബാസിത് എ.ഐ.എസ്.എഫ്. മലപ്പുറം മുൻ ജില്ലാ പ്രസിഡന്റാണ്.