ഭാരതത്തിന്റെ യാത്രകൾക്ക് വേഗം കൂട്ടി മനോഹരമായ ഒരു യാത്രസുഖം സമ്മാനിച്ച ട്രെയിനാണ് വന്ദേഭാരത്. കേരളത്തിനും രണ്ട് വന്ദേഭാരതുകളാണുള്ളത്. സംസ്ഥാനത്തെ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രധാനികളായ മിക്കവരും വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്ത് അവരുടെ മനോഹരമായ അനുഭവം ഇതിനോടകം പങ്കുവെച്ച് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനടക്കം യാത്ര വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ വന്ദേഭാരത് യാത്രാ വിശേഷവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബൻ. വന്ദേഭാരത് യാത്രയുടെ വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കാണ് ചാക്കോച്ചൻ യാത്ര നടത്തിയത്. ഇന്ന് കണ്ണൂരിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം വന്ദേഭാരത് ട്രെയിനിൽ പുറപ്പെട്ടത്.
തന്റെ പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷൻ പരിപാടിയ്‌ക്കായി എത്രയും വേഗം കൊച്ചിയിലെത്താനായാണ് വന്ദേഭാരത് യാത്ര തിരഞ്ഞെടുത്തതെന്ന് താരം പറഞ്ഞു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ ഒക്ടോബർ അഞ്ചിന് തീയറ്ററുകളിൽ എത്തും. സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം വളരെ വ്യത്യസ്തമാർന്ന ഒരു വേഷത്തിൽ ചാക്കാച്ചൻ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് ചാവേർ. അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.