കോട്ടയം: വൈക്കത്ത് പാലത്തിന് പൈലിംഗ് നടത്തുന്നതിനിടയിൽ വൈദ്യുത പോസ്റ്റിന് സമീപത്ത് നിന്നും പുറത്തേക്ക് വന്നത് തിളച്ച വെള്ളം. മറവൻതുരുത്ത് – ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു മുവാറ്റുപുഴയാറിനു കുറുകെ നിർമ്മിക്കുന്ന മൂലേക്കടവ് പാലത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം ആറ് മണിയോട് കൂടിയാണ് പൈലിംഗ് നടന്നത്.
വൈദ്യുതി തകരാറുമായി ബന്ധപ്പെട്ടാണ് അടിയിൽ നിന്നും തിളച്ച വെള്ളം വരുന്നതെന്ന് ആദ്യം കരുതിയത്. തുടർന്ന് കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു പരിശോധനയും നടത്തി. വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രതിഭാസമല്ല ഇതെന്ന് ഉറപ്പു വരുത്തിയതിന് ശേഷമായിരുന്നു അധികൃതർ മടങ്ങിയത്.
മറവൻതുരുത്ത് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ജിയോളജിസ്റ്റുമായി ബന്ധപ്പെടുകയായിരുന്നു. നിരന്തരം പൈലിംഗ് നടത്തുമ്പോൾ ഭൂമിക്കടിയിൽ ഉണ്ടാകുന്ന താപം ദുർബലമായ സ്ഥലത്തുകൂടി പുറത്തു വരുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ഇവരുടെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. വെള്ളം തിളച്ചുമറിയുന്നത് ഭയപ്പെടേണ്ട കാര്യമില്ലെന്നും ജിയോളജിസ്റ്റ് അറിയിച്ചതോടെയാണ് നാട്ടുകാരുടെ ആശങ്ക അവസാനിച്ചത്.