ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്ത ഒരു ജനതയാണ് ഏഷ്യയിലുള്ളത്. ഓരോ ക്രിക്കറ്റ് താരത്തെയും കുടുംബാംഗത്തെ പോലെയും ദൈവത്തിനൊപ്പം ആരാധിക്കുന്നൊരു ജനത ഇപ്പോഴും ഏഷ്യയിലുണ്ട്. അതിനുദാഹരണമായി നിരവധി ആരാധകരെയും കാണാം. ക്രിക്കറ്റിനെ ഭ്രാന്തമായി ആരാധിക്കുകയും അതിനെ ജീവിത്തിന്റെ ഭാഗമാക്കി പിന്തുടരുന്ന ഒരുപിടി ആളുകളെക്കുറിച്ചറിയാം.
സുധീര്‍കുമാര്‍ ഗൗതം എന്ന സുധീര്‍ കുമാര്‍ ചൗധരി
ഒരു പക്ഷേ ലോകം ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ച ക്രിക്കറ്റ് ആരാധകന് അഥവ സച്ചിന് ആരാധകന്. അതാണ് സുധീര്‍ കുമാര്‍ ചൗധരി എന്ന 37-കാരന്. സച്ചിന് എന്ന ക്രിക്കറ്റ് ദൈവം തന്നെയാണ് അതിന് കാരണം. സച്ചിന്റെ ഏറ്റവും വലിയ ആരാധകന് ആരെന്ന് ചോദിച്ചാല്‍ ഒരു നിമിഷം പോലും ചിന്തിക്കാതെ ക്രിക്കറ്റ് പ്രേമികള്‍ സുധീറിന്റെ പേര് പറയും. അത്തരത്തിലാണ് ഈ ബിഹാറുകാരന്റെ ആരാധന. ആറാം വയസില്‍ ക്രിക്കറ്റിനോട് തോന്നിയ ആരാധനയാണ് ഇയാളെ സച്ചിനിലേക്ക് അടുപ്പിച്ചത്. 14-ാം വയസില്‍ വിദ്യാഭ്യാസം മതിയാക്കിയ അദ്ദേഹം പാല് കമ്പനിയില്‍ ജോലി ചെയ്തു. അദ്ധ്യാപകനായി പരിശീലനം നേടിയെങ്കിലും തൊഴില്‍ രഹിതനാണ്. ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ വിവാഹം വേണ്ടെന്ന് വച്ചു. ഇതുവരെ ഇന്ത്യയുടെ 300 ഓളം മത്സരങ്ങള്‍ക്ക് സാക്ഷിയായി. ആദ്യകാലത്ത് സൈക്കിളില്‍ ദിവസങ്ങള്‍ സഞ്ചരിച്ചായിരുന്നു മത്സരങ്ങള്‍ക്ക് എത്തിയിരുന്നത്. പാകിസ്താനിലും ബംഗ്ലാദേശിലും അടക്കം ഇന്ത്യയുടെ മത്സരങ്ങള്‍ കാണാന്‍ യാത്ര ചെയ്തു. ബംഗ്ലാദേശ് ആരാധകരില്‍ നിന്ന് ജീവന് ഭീഷണിപോലും നേരിട്ട കാലങ്ങളും സുധീര്‍ കുമാറിന് ഓര്‍ക്കാനുണ്ട്. നിലവില്‍ അദ്ദേഹത്തെ ബിസിസിഐ സ്പോണ്സര് ചെയ്യുന്നുണ്ട്.
2011 ഏപ്രില്‍ 2ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ ലോക ചാമ്പ്യന്മാരാകുമ്പോള് ഡ്രസിംഗ് റൂമില്‍ ടീമിനൊപ്പം ആഘോഷത്തിന് വിളിക്കപ്പെട്ട ഒരേ ഒരു ആരാധകന് സുധീര്‍ ആയിരുന്നു. ആര്‍പ്പുവിളിച്ച ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഇരിക്കുന്ന സുധീറിനോട് സച്ചിന് ടെണ്ടുല്‍ക്കര്‍ തന്നെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ വന്ന് ടീമിന്റെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ത്രിവര്‍ണ പതാക ശരീരം മുഴുവന്‍ കളര്‍ ചെയ്തും തലമുടി പോലും ഇന്ത്യന്‍ ഭൂപടത്തിന് സമാനമായി വെട്ടിയൊതുക്കിയുമാണ് സുധീര്‍ മത്സരങ്ങള്‍ക്കെത്തുന്നത്. നെഞ്ചില്‍ സച്ചിന്റെ പേരുമുണ്ടാകും. സച്ചിന്റെ അവസാന മത്സരത്തില്‍ ഗ്രൗണ്ടിലിറങ്ങാന്‍ അനുമതി കിട്ടിയ ആരാധകരില്‍ ഒരാളാണ് സുധീര്‍.
ചാച്ച എന്ന ചൗധരി അബ്ദുള്‍ ജലീല്‍
ക്രിക്കറ്റിലെ ചാച്ചയെന്നാണ് ചൗധരി അബ്ദുള്‍ ജലീലിന്റെ വിളിപ്പേര്. ലോകത്ത് പാകിസ്താന് ക്രിക്കറ്റിന്റെ അംബാസിഡര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. യു.എ.ഇയില്‍ ഉണ്ടായിരുന്ന ജോലി ക്രിക്കറ്റിനായി ഉപേക്ഷിച്ച്. പാകിസ്താനു വേണ്ടി ആര്‍പ്പുവിളിക്കാന്‍ എത്തുകയായിരുന്നു. 2011 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന് മത്സരം കാണാന്‍ വീട് വിറ്റാണ് ചാച്ച ഇന്ത്യയിലെത്തിയത്. 19 വയസില്‍ ലഹോറിലാണ് ചാച്ച ആദ്യ മത്സരം കാണുന്നത്. അബുദാബിയിലെ വാട്ടപര്‍ പമ്പിംഗ് സ്റ്റേഷനിലെ ഫോര്‍മാനായിരുന്നു ഇദ്ദേഹം. പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ചാച്ചയെ വിദേശങ്ങളില്‍ മത്സരം കാണാന്‍ സ്പോണ്സര് ചെയ്യുന്നത്. വിവാഹിതനം അഞ്ചു കുട്ടികളുടെ പിതാവുമാണ് ഈ 73കാരന്
ശരവണന് ഹരി
ഇന്ത്യന്‍ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ ആരാധകന് എന്ന നിലയില്‍ പ്രശസ്തന്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനെ നിരന്തരമായി പിന്തുടരുന്നു. ശരീരം മുഴുവന്‍ മഞ്ഞ കളറില്‍ പെയിന്റ് ചെയ്ത ശേഷം ധോണിയുടെ പേരും നമ്പറും ശരീരത്തില്‍ പതിപ്പിക്കാറുണ്ട്. ഇന്ത്യയുടെയും ധോണിയുടെയും ആരാധകനായ ശരവണന് ചെന്നൈ സ്വദേശിയാണ്.
അങ്കിള്‍ പെര്‍സി
പെര്‍സി അബേശേഖര, ശ്രീലങ്കന്‍ ടീമിന് ടെസ്റ്റ് പദവി ലഭിക്കും മുന്‍പ് ആരാധകനായ പെര്‍സിയെ മാത്രമാണ് ശ്രീലങ്കന്‍ അധികൃതര്‍ മത്സര ശേഷം മൈതാനത്തേക്ക് പോകാന്‍ അനുവദിക്കുന്നത്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അങ്കിള്‍ പെര്‍സിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ലോകക്രിക്കറ്റില്‍ ശ്രീലങ്കയുടെ ചിയര്‍ ലീഡറായി ഇപ്പോഴും സജീവമായി നില്ക്കുന്ന ഒരേയൊരാള്‍ പെര്‍സിയാണ്. ഈ 83ാം വയസിലും അദ്ദേഹം ശ്രീലങ്കയുടെ എല്ലാ മത്സരങ്ങള്‍ക്കും എത്താറുണ്ട്.
ടൈഗര്‍ ഷോയ്ബ്
ഷൊയ്ബ് അലി ബുഖാരി ബംഗ്ലാദേശിന്റെ ഏറ്റവും വലിയ ആരാധകന്. കടുവയെപ്പോലെ ചായം പൂശുകയും മിക്ക ഹോം മത്സരങ്ങളിലും പങ്കെടുക്കുകയും മിര്‍പൂരിലെ ഷേരെ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലെ ഗ്രാന്‍ഡ് സ്റ്റാന്‍ഡില്‍ നിന്ന് ദിവസം മുഴുവന്‍ നിലവിളിക്കുകയും ചെയ്യുന്ന ബംഗ്ലാദേശ് ആരാധകനാണ്. ബംഗ്ലാദേശ് ടീമിന് പിന്നാലെ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇന്ത്യ, ശ്രീലങ്ക, സിംബാബ്വെ എന്നിവിടങ്ങളില്‍ അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്.കോര്‍പ്പറേറ്റ് ഹൗസുകള്‍, നിലവിലുള്ളതും മുന്‍കാല താരങ്ങളും, ബോര്‍ഡ് ഉദ്യോഗസ്ഥരും, അദ്ദേഹത്തിന്റെ യാത്രകളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നു. മോട്ടോര്‍ മെക്കാനിക്കായ ഷോയ്ബിന് ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലും ആരാധകരുണ്ട്.