ന്യൂഡൽഹി: പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂമുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനയാത്രയ്‌ക്ക് മുന്നോടിയായി ജീവനക്കാർ നിർബന്ധമായും വിധേയമാകേണ്ട ബ്രീത്ത്‌ലൈസർ ടെസ്റ്റിൽ (മദ്യപാന പരിശോധന) തെറ്റായ ഫലം ലഭിക്കാൻ ഇടയാക്കും എന്നതിനാലാണ് നിർദ്ദേശം. മൗത്ത് വാഷ്, ടൂത്ത് ജെൽ, പെർഫ്യൂം, ആൽക്കഹോൾ അടങ്ങിയ മറ്റ് ഉത്പന്നങ്ങൾ എന്നിവ പൈലറ്റുമാർ ഉപയാഗിക്കാൻ പാടില്ല.
ചില പെർഫ്യൂമുകളിൽ 95% വരെ മദ്യത്തിന്റ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ. പെർഫ്യൂമുകളിലെ കണ്ടന്റുകൾ നേർപ്പിക്കാൻ വേണ്ടിയാണ് കൂടിയ അളവിൽ മദ്യം ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡിജിസിഎയുടെ നിർദ്ദേശം. അതേസമയം ഇത് കരട് നിർദ്ദേശം മാത്രമാണെന്നും അഭിപ്രായങ്ങൾ ലഭിച്ചതിന് ശേഷം നിയമമാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും ഡിജിസിഎ അറിയിച്ചു.
മദ്യപാന പരിശോധനയിൽ വിമാനജീവനക്കാർ പോസിറ്റീവായാൽ കനത്ത നടപടിയാണ് പൊതുവെ സ്വീകരിക്കാറുള്ളത്. 2022-ലെ കണക്ക് പ്രകാരം 41 ഇന്ത്യൻ പൈലറ്റുമാരുടെയും 116 കാബിൻ ക്രൂവിന്റെയും ലൈസൻസ് താത്കാലികമായി റദ്ദാക്കിയിരുന്നു. നിലവിലെ സുരക്ഷാനിയമങ്ങൾ പ്രകാരം ജീവനക്കാരുടെ ഷിഫ്റ്റിന്റ തലേദിവസം രാത്രി മദ്യപിക്കാൻ പാടുള്ളതല്ല. മദ്യപിച്ച് 12 മണിക്കൂർ പിന്നിട്ടാൽ മാത്രമേ ശരീരത്തിലെ ആൽക്കഹോളിന്റെ അളവ് പൂജ്യത്തിലെത്തുകയുള്ളൂ. ശരീരത്തിൽ നേരിയ അളവിലെ മദ്യത്തിന്റ സാന്നിധ്യം പോലും വലിയ അപകടത്തിന് കാരണമാകുമെന്നതിനാലാണ് ഇത്തരം കർശന നിർദ്ദേശങ്ങൾ.