‘തലൈവർ 170’ ന്റെ ചിത്രീകരണത്തിനായി സ്‌റ്റൈൽ മന്നൻ രജനീകാന്ത് തലസ്ഥാനത്തെത്തി. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിൽ വിമാനമിറങ്ങിയ താരത്തെ വൻ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സിനിമയുടെ ചിത്രീകരണത്തിനായി രജനീകാന്ത് അടുത്ത പത്ത് ദിവസം തലസ്ഥാനത്തുണ്ടാകും.
ഇതാദ്യമായാണ് തലൈവരുടെ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ശംഖുമുഖത്തും, വെള്ളായണി കാർഷിക കോളേജിലുമായാണ് ചിത്രീകരണം നടക്കുക. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കും. ലൈക പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്‌കരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ടി.ജെ ജ്ഞാനവേലാണ്. ജയ് ഭീം എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് അദ്ദേഹം.
സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് രജനി എത്തുന്നതെന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. നാഗർ കോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും ഷൂട്ടിംഗ് പുരോഗമിക്കും.















