വാഹനങ്ങളോടുള്ള ഭ്രമം പലരീതിയിലാണ് ആളുകള്‍ പ്രകടിപ്പിക്കാറുള്ളത്. പ്രീമിയം കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. ഇത്തരത്തില്‍ ഇഷ്ടപ്പെട്ട കാര്‍ സ്വയം നിര്‍മ്മിച്ചെടുത്തിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഹദീഫ്. ലോകത്തിലെ തന്നെ മികച്ച ആഡംബര കാറുകളില്‍ ഒന്നായ റോള്‍സ് റോയ്സാണ് ഈ വാഹനപ്രേമി സൃഷ്ടിച്ചെടുത്തത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
തന്റെ മാരുതി 800നെ രൂപമാറ്റം വരുത്തിയാണ് ഈ 18-കാരന്‍ സ്വപ്‌നവാഹനം സ്വന്തമാക്കിയത്. ഒരു മിനി റോള്‍സ് റോയ്സ് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ഹദീഫിന്റെ സൃഷ്ടി. മാരുതി 800നെ രൂപമാറ്റം വരുത്താന്‍ 45,000 രൂപയോളമാണ് ചെലവ് വന്നതെന്നും ഹദീഫ് പറയുന്നു. ലോഹ ഷീറ്റുകളും മറ്റും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം
പുതിയ ബോഡി കിറ്റ് ഉപയോഗിച്ച് മാരുതി 800നെ പൂര്‍ണ്ണമായും മാറ്റിപ്പണിതു. മാസങ്ങളോളം ഇതിനായി കഷ്ടപ്പെട്ടുവെന്നും ഹദീഫ് പറയുന്നു. ഇന്റീരിയറുകളും കാറിന്റെ മുന്‍ഭാഗവും ഗ്രില്ലും ഹെഡ്‌ലൈറ്റുകളും ഉപയോഗിച്ച് ബോള്‍ഡ്, ബള്‍ക്കിയര്‍ ഡിസൈന്‍ ഫീച്ചര്‍ പാനല്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ചു. ആഡംബര കാറുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഹദീഫിന് മിനി റോള്‍സ് റോയ്സ് നിര്‍മ്മിക്കാന്‍ സഹായിച്ചത് കുടുംബാംഗങ്ങള്‍ തന്നെയായിരുന്നു. ഇതിന് മുമ്പ് മോട്ടോര്‍ സൈക്കിള്‍ എഞ്ചിന്‍ ഉപയോഗിച്ച് ഹദീഫ് ഒരു ജീപ്പ് പ്രൊജക്ട് ചെയ്തിരുന്നു.