ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ ഈ മാസം ഇന്ത്യയിലെത്തും. താരം തന്നെയാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ മാസം അവസാനം ദുർഗാ പൂജ മഹോത്സവത്തിന് മുന്നോടിയായി കൊൽക്കത്തയിലെത്തുമെന്ന് അറിയിച്ചത്. പെലെ, ഡീഗോ മറഡോണ, ലയണൽ മെസ്സി എന്നിവരുൾപ്പെടെ നിരവധി ഫുട്‌ബോൾ ഇതിഹാസങ്ങൾക്ക് ആതിഥേയത്വം വഹിച്ച നഗരമാണ് കൊൽക്കത്ത. ഇവിടേക്കാണ് മൂന്ന് തവണ ബാലൺ ഡി ഓർ ജേതാവായ താരത്തിന്റെ ആദ്യ സന്ദർശനം.
‘ഹലോ, ഈ മാസം അവസാനം ഞാൻ കൊൽക്കത്തയിലേക്ക് എത്തും, എന്റെ ആദ്യ യാത്രയാണ് ഇത്. കൊൽക്കത്തയിലെ ബ്രസീലിയൻ ആരാധകരെ കുറിച്ച് എനിക്കറിയാം. അവരെ കാണാനുള്ള ആവേശത്തിലാണ് ഞാൻ. ജനപ്രിയമായ കായികവിനോദമാണ് ക്രിക്കറ്റ്. ബംഗാൾ ദാദ സൗരവ് ഗാംഗുലിയിൽ നിന്ന് ‘ക്രിക്കറ്റ് പഠിക്കാൻ’ ആഗ്രഹിക്കുന്നു’ -റൊണാൾഡീഞ്ഞോ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഒക്ടോബർ 16ന് താരം കൊൽക്കത്തയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊൽക്കത്തയിൽ ഒരു സന്നദ്ധ പ്രവർത്തനത്തിന് വേണ്ടി പണം സ്വരൂപിക്കാനുളള ഫുട്‌ബോൾ മത്സരമാണ് അദ്ദേഹം കളിക്കുന്നത്. ഇന്ത്യയിലെ വിവിധ ഫുട്‌ബോൾ അക്കാദമികളുമായി ബന്ധപ്പെട്ടവരുമായി താരം കൂടിക്കാഴ്ച നടത്തുകയും ചെയ്യും.















