എറണാകുളം: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മലദ്വാരത്തിനകത്തും അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയിലാക്കിയും സ്വർണം കൊണ്ടു വന്ന രണ്ട് സ്ത്രീകളാണ് കസ്റ്റംസ് പിടിയിലായത്. തൃശൂർ സ്വദേശിനി റംലത്ത്, മലപ്പുറം സ്വദേശിനി ഉമൈബ എന്നിവരെയാണ് പിടികൂടിയത്.
ദുബായിൽ നിന്നും വന്ന റംലത്ത് മലദ്വാരത്തിനകത്താണ് 55 ലക്ഷം രൂപ വില വരുന്ന 1266 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി ഒളിപ്പിച്ചത്. അബുദാബിയിൽ നിന്നും വന്ന ഉമൈബ ധരിച്ചിരുന്ന പെറ്റിക്കോട്ടിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് പേസ്റ്റ് രൂപത്തിലാക്കി 763 ഗ്രാം സ്വർണമാണ് ഒളിപ്പിച്ചത്. ശേഷം തിരിച്ചറിയാൻ കഴിയാത്ത വിധം തുന്നിച്ചേർക്കുകയായിരുന്നു. ഇത് കൂടാതെ 80 ഗ്രാം സ്വർണാഭരണവും പിടിച്ചെടുത്തു.
കയ്യിൽ കാര്യമായി ലഗേജുകളില്ലാതെ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇവർ ഇടയ്‌ക്കിടെ കൈകൾ ശരീരത്തിൽ തൊടുന്നുണ്ടായിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്. ഇവരെ നിരീക്ഷിച്ച കസ്റ്റംസുദ്യോഗസ്ഥ തുടർന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് ഇവരിൽ നിന്നും സ്വർണം കണ്ടെത്തിയത്.