കോഴിക്കോട്: പാട്ടു പാടാത്തതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ. കരിയത്താൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാമിൽ(17) ആണ് മർദ്ദനമേറ്റത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
സ്‌കൂൾ ഗേറ്റിനു മുന്നിൽ വച്ച് പ്ലസ്ടു വിദ്യാർത്ഥികൾ ഷാമിലിനെ തടഞ്ഞു നിർത്തുകയും പാട്ടുപാടാൻ നിർബന്ധിക്കുകയായിരുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോഴാണ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചത്. മർദ്ദനമേറ്റ് ബോധരഹിതനായി വീണ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഷാമിൽ പ്ലസ്ടു വിദ്യാർത്ഥികളുടെ ആക്രമണത്തിനു ഇരയാവുന്നത്. മർദ്ദിച്ച വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകുമെന്ന് ഷാമിലിന്റെ മാതാപിതാക്കൾ പറഞ്ഞു.