ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന ആവശ്യത്തിന് പിന്നാലെ ഇന്ത്യയുമായി ചർച്ചകൾ തുടരുകയാണെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി. ഇന്ത്യയെ പ്രകോപിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മെലാനി ജോളി പറഞ്ഞത്.
”നയതന്ത്ര വിഷയങ്ങളെ പരസ്യമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ചർച്ചകളുടെ രഹസ്യാത്മക സ്വഭാവം കാത്തു സൂക്ഷിക്കും. നയതന്ത്ര വിഷയങ്ങളിൽ സ്വകാര്യ സംഭാഷണമാണ് നല്ലതെന്നാണ് ഞങ്ങൾ കരുതുന്നതെന്നും” മെലാനി ജോളി പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിന്മേൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് കാനഡയുടെ പുതിയ നീക്കം.
തീവ്രവാദികൾക്ക് കാനഡ സുരക്ഷിത താവളമൊരുക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ വിസ സേവനങ്ങൾ നൽകുന്നത് താത്ക്കാലികമായി നിർത്തിവച്ചിരുന്നു. പിന്നാലെയാണ് ഈ മാസം 10നുള്ളിൽ കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ഇന്ത്യ കർശന നിർദ്ദേശം നൽകിയത്. കാനഡയ്‌ക്ക് ഡൽഹിയിൽ എംബസിയും ചണ്ഡീഗഡ്, ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിൽ കോൺസുലേറ്റുകളും ഉണ്ട്. 62 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയിൽ ജോലി ചെയ്യുന്നത്. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ് ഈ സംഖ്യയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.