അഹമ്മദാബാദ്; ക്രിക്കറ്റ് മതവും താരങ്ങളെ ദൈവങ്ങളുമായി ആരാധിക്കുന്നൊരു നാട്,12 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ത്യ വേദിയാകുമ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമാകും. 1.32ലക്ഷം കാണികളെ ഉള്‍ക്കൊള്ളാനാവുന്ന ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമായ അഹമ്മാബാദ് മൊട്ടേരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കാര്‍ണിവെല്ലിന് തുടക്കമാകാന്‍ ഇനി ഒരു രാത്രിയുടെ ദൂരം മാത്രം.ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ 46 ദിവസം ഇനി ഇന്ത്യയിലാകും. അറിയാം ലോകകപ്പിന്റെ ഇമ്മിണി വലിയ വിശേഷങ്ങള്‍
നോര്‍ത്തില്‍ നിന്ന് ധര്‍മ്മ ശാലയും സൗത്തില്‍ നിന്ന് ബെംഗളുരുവും ചെന്നൈയും അടക്കം 10 വേദികളിലായി നടക്കുന്നത് 48 മത്സരങ്ങള്‍.രാവിലെയുള്ള മത്സരങ്ങങ്ങള്‍ 10.15നും ഡേ നൈറ്റ് മത്സരങ്ങള്‍ ഉച്ചയ്‌ക്ക് രണ്ടിനുമാകും ആരംഭിക്കുക. മഴയുണ്ടെങ്കില്‍ മാത്രം സമയത്തിലുമുണ്ടാകും വ്യത്യാസം. ഉദ്ഘാടന മത്സരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിക്കുമ്പോള്‍ ഫൈനല്‍ ഒരു ഞായറാഴ്ച അതേ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തന്നെ. ഇതിനിടെ ചിരവൈരികളായ ഇന്ത്യ-പാക് പോരും 14ന് മോദി സ്‌റ്റേഡിയത്തില്‍ നടക്കും.
ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുമായ ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. 2019ന് സമാനമായി ഇത്തവണയും പത്ത് ടീമുകളാണ് കിരീടത്തിനായി പോരടിക്കുന്നത്. 9 മത്സരങ്ങളില്‍ ഏഴ് എണ്ണം ജയിക്കുന്നവര്‍ സെമി ഉറപ്പിക്കും. ഇനി പോയിന്റ് തുല്യമായാലോ എന്നാണ് ചോദ്യമെങ്കില്‍ വിജയങ്ങളും നെറ്റ് റണ്‍റേറ്റും വിധി നിര്‍ണയിക്കും.
മഴപെയ്താല്‍ റിസര്‍വ് ഡേ കട്ടായം
മഴയോ മറ്റ് കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണമോ സെമിഫൈനലുകള്‍ മാറ്റിവയക്കേണ്ടി വന്നാല്‍. റിസര്‍വ് ഡേ ഉറപ്പ്.
കോടികള്‍ കിലുങ്ങുന്ന സമ്മാനം
പിന്നെ ഒന്നൊന്നര സമ്മാന തുകയാണ് ഐസിസി കരുതി വച്ചിരിക്കുന്നത്. 83 കോടി ഇന്ത്യന്‍ രൂപയാണ് മൊത്തം സമ്മാന തുക. ഇതില്‍ വിജയികള്‍ക്ക് ലഭിക്കുക 33 കോടിയും റണ്ണറപ്പിന് കിട്ടുക 16 കോടിയുമാണ്. സെമി ഫൈനലിസ്റ്റുകള്‍ക്ക് ആറര കോടി വീതവും ലഭിക്കും.
ലൈവ് എവിടെ
ലൈവ് എവിടെ കാണാമെന്ന് ചോദിച്ചാല്‍, സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും അടാറ് അടിപൊളിയായി കളി കണ്ട് രസിക്കാം.