തിരുവനന്തപുരം: ഇത്തവണ അനന്തപുരിയിൽ നവരാത്രി ഉത്സവവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവവും ഒരുമിച്ച്. കന്നിമാസത്തിലും തുലാമാസത്തിലുമാണ് ഈ രണ്ട് ആഘോഷങ്ങളും നടക്കുന്നത്. ഇക്കൊല്ലം കന്നി അവസാനത്തിലും തുലാം ആരംഭത്തിലുമായാണ് ഈ ആഘോഷങ്ങൾ സംഗമിക്കുന്നത്.
ഒക്ടോബർ 15-നാണ് നവരാത്രി ആരംഭിക്കുന്നത്. ഇതിന് തലേന്ന് 14-ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് കൊടിയേറും. ആ ദിവസം വൈകീട്ട് പദ്മനാഭപുരത്തുനിന്നുള്ള സരസ്വതീ ദേവിയുടെ നവരാത്രി ഘോഷയാത്ര ശ്രീപദ്മനാഭന്റെ കിഴക്കേമുറ്റത്തെത്തും. ദുർഗാഷ്ടമിയായ 22-നാണ് അല്പശി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട. നവരാത്രി ദിവസമായ 23-നാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്.
ശംഖുംമുഖത്തെ കടലിൽ ദേവൻ നിത്യകല്യാണ തിടമ്പായിനിന്നാറാടി മടങ്ങുമ്പോൾ നാട് നവരാത്രിയുടെയും പിറ്റേന്നുള്ള വിജയദശമിയുടെയും ആരവഘോഷത്തിലമരും. ഞായറിൽ തുടങ്ങി ചൊവ്വയിലെത്തുന്ന അവധി ദിവസങ്ങളിൽ കോട്ടയ്ക്കകത്തെ പൈതൃകഭക്തി മേഖല ആഘോഷത്തിമിർപ്പിലാകും. നവരാത്രി മണ്ഡപം, വേളിമല കുമാരസ്വാമിയെ പൂജയ്ക്കിരുത്തുന്ന ആര്യശാല ക്ഷേത്രം, ശുചീന്ദ്രം മുന്നൂറ്റിനങ്കയെ പൂജിക്കുന്ന ചെന്തിട്ട ക്ഷേത്രം എന്നിവിടങ്ങളിൽ പതിവിലുമേറെ ഭക്തർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.
ആറാട്ടിന് പിറ്റേന്ന് ക്ഷേത്രത്തിൽ ആറാട്ട് കലശം നടക്കും. അന്ന് വൈകീട്ട് പൂജയെടുപ്പ് എഴുന്നള്ളത്ത്. പൂജപ്പുരയിലെ പള്ളിവേട്ടയ്ക്കുശേഷം കുമാരസ്വാമിയെ കോട്ടയ്ക്കകം കിഴക്കേനടയിലേക്ക് എഴുന്നള്ളിക്കും. പിറ്റേന്ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. 26-ന് മടക്കയാത്ര.