ദുബായ്: ഷാർജയിൽ സ്‌കൈ ബസിന്റെ പരീക്ഷണ യാത്രയിൽ പങ്കെടുത്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യുസ്‌കൈ ടെക്‌നോളജിയുടെ പൈലറ്റ് സർട്ടിഫിക്കേഷൻ സന്ദർശിച്ച ശേഷമാണ് കേന്ദ്രമന്ത്രി പരീക്ഷണ യാത്ര നടത്തിയത്. സ്‌കൈ ടെക്‌നോളജി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി യുസ്‌കൈയുമായി ചേർന്ന് ഗഡ്കരി നിരവധി ചർച്ചകൾ നടത്തി.
സ്‌കൈ മൊബിലിറ്റി മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്‌ക്കുകയും നഗരവാസികൾക്ക് കാര്യക്ഷമമായ യാത്രാ സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നു. എലവേറ്റഡ് റെയിൽ കേബിൾ സംവിധാനം ഭൂവിനിയോഗം കുറയ്‌ക്കുകയും രാജ്യത്തെ മൊബിലിറ്റിയുടെ അടിസ്ഥാനസൗകര്യങ്ങൾക്ക് മുതൽക്കൂട്ടാകുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിർമ്മാണത്തിന്റെയും പ്രവർത്തനത്തിന്റെയും ചിലവുകൾ കുറയ്‌ക്കാനും സ്‌കൈ ബസിലൂടെ സാധിക്കും.
യൂറോപ്പിലെ പ്രാഗിൽ നടന്ന 27-ാമത് വേൾഡ് റോഡ് കോൺഗ്രസിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള മന്ത്രിതല സെഷനിൽ നിതിൻ ഗഡ്കരി പങ്കെടുത്തിരുന്നു. അന്താരാഷ്‌ട്ര സംഘടനകൾ, അക്കാദമിക്, വ്യവസായ പ്രതിനിധികൾ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സ്‌കൈ ബസുകൾ കാർബൺ പുറപ്പെടുവിപ്പിക്കുന്നത് കുറയ്‌ക്കുന്നതിനും പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതിനും സഹായിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.