ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. പുരുഷ വിഭാഗം ഹോക്കിയിൽ കൊറിയയെ തറപ്പറ്റിച്ചാണ് ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. തോൽവിയിറിയാതെയാണ് ഇന്ത്യ കശാലപ്പോരിന് യോഗ്യത നേടിയത്.
മത്സരത്തിന്റെ 5-ാം മിനിറ്റിൽ ഹർദിക് സിംഗിലൂടെ ഇന്ത്യ ഗോൾവേട്ട തുടങ്ങി. 11-ാം മിനിറ്റിൽ മൻദീപ് സിംഗും, 15-ാം മിനിറ്റിൽ ലളിത് കുമാർ ഉപാദ്ധ്യയും ഗോൾനേടിയതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിച്ചു. എന്നാൽ കൊറിയയുടെ ആക്രമണങ്ങൾക്ക് മൂർച്ച കൂടിയതോടെ ഇന്ത്യയും പ്രതിരോധം പടുത്തുയർത്തി. 17, 20 മിനിറ്റുകളിൽ മഞ്ചെ ജംഗ് ഇന്ത്യൻ വലചലിപ്പിച്ചതോടെ സ്കോർ ബോർഡ് 3-2 ആയി.
24ാം മിനിറ്റിൽ അമിത് രോഹിദാസ് വല ചലിപ്പിച്ചതോടെ ഇന്ത്യ 4-2ന് മുന്നിലെത്തി. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇന്ത്യയുടെ ആത്മവിശ്വാസവും ഈ ഗോൾ ആയിരുന്നു. 42-ാം മിനിറ്റിൽ മഞ്ചെ ജംഗ് തന്റെ ഹാട്രിക് പൂർത്തിയാക്കിയതോടെ ഇന്ത്യ വീണ്ടും ഭയന്നു. 54-ാം മിനിറ്റിൽ അഭിഷേക് അഞ്ചാം ഗോൾ സ്കോർ ചെയതപ്പോഴാണ് ഇന്ത്യൻ ആരാധകർക്ക് ആശ്വാസമായത്. അവസാന ആറ് മിനിറ്റിൽ ഗോളടിക്കാൻ കൊറിയയ്ക്ക് കഴിയാതെ വന്നതോടെ ഇന്ത്യ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.