ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. രാവിലെ മുതൽ എംപിയുടെ ഡൽഹിയിലെ വസതിയിൽ ഇ.ഡി പരിശോധന നടത്തുകയായിരുന്നു. നിലവിൽ സഞ്ജയ് സിംഗ് രാജ്യസഭാ എംപിയാണ്.
ഇതേ അഴിമതി കേസിൽ ആംആദ്മി പാർട്ടിയിൽ നിന്നുള്ള മൂന്നാമത്തെ അറസ്റ്റാണിത്. കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് കഴിഞ്ഞ വർഷം മേയിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായിരുന്നു പിന്നാലെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേസിൽ സിബിഐ അറസ്റ്റ് ചെയ്തതു. സിസോദിയയുടെ അറസ്റ്റ് പാർട്ടിക്ക് വലിയ തിരിച്ചടിയായി. ഈ വർഷം ഫെബ്രുവരിയിലായിരുന്നു അറസ്റ്റ്.
കേസിൽ പ്രതിയായ വിവാദ വ്യവസായി ദിനേശ് അറോറ ‘അപ്പ്രൂവറായി’ മാറിയതിനെ തുടർന്നാണ് സിംഗിനെതിരെ റെയ്ഡുകൾ നടന്നത്. എക്‌സൈസ് മന്ത്രിയായിരുന്ന സിസോദിയയെ എഎപി നേതാവാണ് തനിക്ക് പരിചയപ്പെടുത്തിയെന്ന് അറോറ പറഞ്ഞിരുന്നു.















