മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. നരേന്ദ്രമോദി വളരെ ബുദ്ധിമാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ മാദ്ധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സാമ്പത്തിക ഭദ്രതയിലും സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിലും റഷ്യയും ഇന്ത്യയും തമ്മിൽ കൂടുതൽ സഹകരണം ഉണ്ടാകുമെന്നും വ്‌ലാഡിമിർ പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി മോദിയുമായി വളരെ നല്ല രാഷ്‌ട്രീയ ബന്ധമാണ്. അദ്ദേഹം വളരെ ബുദ്ധിമാനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വളരെ മികച്ച മുന്നേറ്റം നടത്തുന്നു. വികസനത്തിൽ പ്രവർത്തിക്കാനുള്ള ഇന്ത്യയുടെയും റഷ്യയുടെയും താൽപ്പര്യം നിറവേറ്റുന്നു. ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ ന്യൂഡൽഹി പ്രഖ്യാപനം അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ന്യൂഡൽഹി പ്രഖ്യാപനം നാഴികക്കല്ലാണെന്നും മോസ്‌കോ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഗ്ലോബൽ സൗത്തിൽ നിന്ന് ജി20 രാജ്യങ്ങളെ ഏകീകരിക്കുന്നതിൽ ഇന്ത്യൻ പ്രസിഡൻസിയുടെ സജീവ പങ്കിനെ പുടിൻ പ്രശംസിക്കുകയും ചെയ്തു. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിൽ കൃത്യമായ നീക്കമാണ് നടത്തുന്നതെന്ന് കഴിഞ്ഞ മാസം പുടിൻ പറഞ്ഞിരുന്നു.
ആഭ്യന്തര നിർമാണത്തിൽ റഷ്യ പിന്നിലായിരുന്നു എന്നും ഈ കാര്യത്തിൽ റഷ്യയുടെ പല പങ്കാളികളെയും അനുകരിക്കണമെന്ന് കരുതുന്നതായും പുടിൻ പറഞ്ഞു. ഇതിന് ഉദാഹരണമാണ് ഇന്ത്യയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനമന്ത്രി മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.