ചെന്നൈ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീം(34) പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് പിടിയിലായത്. വിദേശത്ത് നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് കസ്റ്റംസ് ഇക്കാര്യം ചന്തേര പോലീസിനെ അറിയിച്ചു. കേരളാ പോലീസ് സംഘം ചെന്നൈയിൽ എത്തിയ ശേഷമായിരിക്കും ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുക.
ജിം പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ഷിയാസിനെതിരെ പോലീസ് കേസെടുത്തത്. യുവതിയിൽ നിന്നും വൻ തുക തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു. ഇരുവരും 2021 മുതൽ പരിചയത്തിലാണെന്നും കഴിഞ്ഞ രണ്ട് വർഷത്തോളം ഷിയാസ് തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു. ഷിയാസ് കരീമിം വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്.