ന്യൂഡൽഹി: ജാതി സെൻസസ് നടപ്പാക്കിയ ശേഷം ജനസംഖ്യയ്‌ക്ക് ആനുപാതികമായി അവകാശങ്ങൾ നൽകണമെന്ന രാഹുൽഗാന്ധിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധി തീ കൊണ്ടാണ് കളിക്കുന്നതെന്ന് കിരൺ റിജിജു വിമർശിച്ചു. അത്തരമൊരു തീരുമാനം നടപ്പിലാക്കിയാൽ ജനസംഖ്യ കുറവുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അടക്കം പല അവകാശങ്ങളും നഷ്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
” രാഹുൽ ഗാന്ധിയുടെ ആഹ്വാനം ഇന്ത്യയെ കൊല്ലുന്നതിന് സമാനമാണ്. അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ചെറിയ സംസ്ഥാനങ്ങൾക്കുമെല്ലാം പല അവകാശങ്ങളും നഷ്ടമാകും. അതിർത്തി മേഖലകളിൽ ഒരിക്കലും വികസനം സാദ്ധ്യമാകില്ല. പ്രതികൂല കാലാവസ്ഥയിലും അത്തരം മലയോര മേഖലകളിൽ ജീവിക്കുന്നത് ചെറിയൊരു ശതമാനം ജനങ്ങളാണ്. രാജ്യവ്യാപകമായി ജാതി സെൻസസ് നടപ്പാക്കാനുള്ള ശ്രമമാണ് രാഹുൽ ഗാന്ധി നടത്തി വരുന്നത്.
കോൺഗ്രസിന് ഇപ്പോൾ കടുത്ത അധികാര ഭ്രമമാണ്. അതുകൊണ്ട് തന്നെ അവർ പുതിയ ഭാഷയിൽ സംസാരിച്ച് തുടങ്ങിയിരിക്കുകയാണ്. ജനസംഖ്യയ്‌ക്ക് ആനുപാതികമായി അവകാശങ്ങൾ നൽകണമെന്നാണ് അവർ പറയുന്നത്. ഇത് ന്യൂനപക്ഷങ്ങൾക്ക് എതിരാണ്. നിങ്ങളുടെ ഈ നിലപാട് ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് തുറന്നു പറയാൻ കോൺഗ്രസിന് ധൈര്യമുണ്ടോ? നിങ്ങളുടെ നിലപാടുകൾ ദക്ഷിണേന്ത്യയ്‌ക്ക് എതിരാണോ എന്നത് വ്യക്തമാക്കണമെന്നും” കിരൺ റിജിജു പറഞ്ഞു.















