സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധൻ. പുത്തൻ പഠനം അനുസരിച്ച് ബുധൻ ഇപ്പോഴും ചുരുങ്ങുകയാണ്. ഗ്രഹത്തിന്റെ ആരം ഏഴ് സെന്റിമീറ്ററോളം കുറഞ്ഞിട്ടുണ്ടാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. കോടിക്കണക്കിന് വർഷങ്ങളായി ചുരുങ്ങുന്നത് കൊണ്ട് ബുധനിൽ ചുളിവുകൾ വന്നിട്ടുണ്ട്. ഈ ചുരുങ്ങൽ സജീവമായി സംഭവിക്കുന്നുണ്ടോയെന്ന് ശാസ്ത്രലോകത്തിന് വ്യക്തമല്ല.
നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഈ വിവരം പറയുന്നത്. യുകെയിലെ ഓപ്പൺ യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാർത്ഥി ബെഞ്ചമിൻ മാന്റേതാണ് നിർണായക പഠനം. 2011-2015 കാലഘട്ടത്തിൽ നാസ നടത്തിയ മെസഞ്ചർ മിഷനിൽ നിന്നുള്ള ഡാറ്റാ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ ‘ഗ്രാബെൻസ്’ എന്ന് വിളിക്കപ്പെടുന്ന പുതിയ ഇടം ബെഞ്ചമിൻ കണ്ടെത്തി. ബുധനിൽ സ്ഥിരമായി ഭൂചലനം നടക്കുന്നുവെന്നാണ് മറ്റൊരു വിവരം. ഉപരിതലത്തിലുടനീളം തുടർച്ചയായി അതിശക്തമായ ഭൂചലനമാണ് അനുഭവപ്പെടുന്നത് എന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്. ഈ കണ്ടെത്തലിനെ ശരി വെയ്‌ക്കുന്നവയാണ് ഗ്രാബിനുകൾ.
മറ്റ് ഗ്രഹങ്ങളെ പോലെ ബുധനും ചൂട് നഷ്ടപ്പെടുന്നു, ആന്തരിക പാറയും ലോഹങ്ങളും ഉരുകുകയാണ്. ഇതിന്റെ ഫലമായാണ് അകം ചുരുങ്ങുന്നതും പ്രകമ്പനങ്ങൾ സംഭവിക്കുന്നതും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇക്കാരണത്താലാണ് ഗ്രഹത്തിന്റെ ഉപരിതലത്തിൽ ചുളിവുകൾ സംഭവിക്കുന്നത്. ‘സ്‌ക്രാപ്പ്’ എന്നാണ് ഇതിനെ ശാസ്ത്രലോകം വിളിക്കുന്നത്.
ഈ സ്‌ക്രാപ്പുകളെ ഉപയോഗിച്ചാണ് ഗവേഷകർ ബുധൻ ചുരുങ്ങുന്നുവെന്നത് തെളിയിച്ചത്. ചുളിവുകൾ ചലിക്കുന്നതായാണ് ഗവേഷകർ കണ്ടെത്തിയത്. ഗ്രാബെനുകളിൽ ആഴം കുറഞ്ഞ ചെറിയ ഇടങ്ങൾ രൂപപ്പെടുന്നതായി കണ്ടെത്തി. ഗവേഷകർ ഇവയുടെ ആഴം, നിഴലുകളുടെ നീളം, പേടകത്തിന്റെ സ്ഥാനം, സൂര്യന്റെ സ്ഥാനം എന്നിവ കണക്കാക്കിയാണ് സ്‌ക്രാപ്പുകൾ ഉണ്ടെന്ന നിഗമനം ശരിവെച്ചത്. ഇവ സമയമെടുത്താണ് ഇത്തരത്തിൽ ചുളിവുകളായി മാറുന്നത്. കഴിഞ്ഞ നൂറ് ദശലക്ഷക്കണക്കിന് വർഷങ്ങളായി ഇത്തരത്തിൽ നിരവധി ചുളിവുകൾ രൂപം കൊള്ളുന്നതായി കണ്ടെത്തി.
2018-ൽ വിക്ഷേപിച്ച ബെപികൊളംബോ എന്ന ബഹിരാകാശ പേടകമാണ് ഈ ചിത്രങ്ങൾ നൽകിയത്. 2021-ൽ ഗ്രഹത്തിലൂടെ പറക്കുന്നതിനിടയിൽ പേടകം ബുധന്റെ ചിത്രമെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിവരങ്ങൾ ലഭ്യമായത്. എന്നാൽ 2025-ന്റെ അവസാനത്തിലോ 2026-ന്റെ തുടക്കത്തിലോ ആകും ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ എടുക്കാൻ കഴിയുക. ഈ ചിത്രങ്ങൾ ബുധന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.















