ജയ്പൂർ: രാജസ്ഥാനിൽ 5000 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോധ്പൂരിൽ നടന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചത്.
സംസ്ഥാനത്ത് രണ്ട് പുതിയ ട്രെയിൻ സർവീസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. ജയ്സാൽമീറിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന റൂണിച്ച എക്സ്പ്രസ് – മാർവാർ ജംഗ്ഷൻ – ഖാംബ്ലിയുമായി ബന്ധിപ്പിക്കുന്ന ഹെറിറ്റേജ് ട്രെയിനുമാണ് ഫ്ളാഗ് ഓഫ് ചെയ്തത്. കൂടാതെ മറ്റ് രണ്ട് റെയിൽ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
രാജസ്ഥാൻ സെൻട്രൽ യൂണിവേഴിസിറ്റിയിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി ‘സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ലബോറട്ടറി’, സ്റ്റാഫ് ക്വാർട്ടേഴ്സ്, ‘യോഗ ആൻഡ് സ്പോർട്സ് സയൻസ് കെട്ടിടം’ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സെൻട്രൽ ലൈബ്രറി, 600 പേർക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റൽ എന്നിവയുടെ തറക്കല്ലിടൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. 1,475 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന നിരവധി റോഡ് പുനരുദ്ധാരണ പദ്ധതികൾ പ്രധാനമന്ത്രി തറക്കല്ലിട്ടു.
ജോധ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് 350 കിടക്കകളുള്ള ട്രോമ സെന്റർ, ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്ക്, പ്രധാനമന്ത്രി-ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ കീഴിൽ ഏഴ് കെയർ ബ്ലോക്കുകൾ എന്നിവ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. ജോധ്പൂർ വിമാനത്താവളത്തിൽ 480 കോടി രൂപ ചിലവിൽ അത്യാധുനിക ന്യൂ ടെർമിനൽ കെട്ടിടത്തിന്റെ വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. 1,135 കോടി ചിലവിൽ നിർമ്മിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.