പത്തനംതിട്ട: മുഖ്യമന്ത്രിയുടെ സമ്മേളനത്തിൽ പങ്കെടുക്കാത്ത 23 ഓളം തൊഴിലാളികൾക്ക് ജോലി നിഷേധിച്ച് തൊഴിലുറപ്പ് മേറ്റ്. തിരുവല്ലയിലെ എൻആർഇജി തൊഴിലാളികളുടെ സമ്മേളനത്തിൽ പങ്കെടുക്കാത്ത തൊഴിലാളികളുടെ ജോലിയാണ് മേറ്റ് നിഷേധിച്ചത്. സിപിഎം ഭരിക്കുന്ന പന്തളം തെക്കേക്കര മൂന്നാം വാർഡിലെ തൊഴിലുറപ്പ് മേറ്റ് ജയയുടേതാണ് ഈ ജോലി തടയൽ നടപടി.
മുഖ്യമന്ത്രിയുടെ സമ്മേളനത്തിൽ പങ്കെടുക്കാത്തവർ പഞ്ചായത്തിൽ പുതിയ അപേക്ഷ നൽകിയാൽ മാത്രമേ ജോലി ചെയ്യാൻ സമ്മതിക്കു എന്നാണ് മേറ്റിന്റെ നിലപാട്. പഞ്ചായത്തിലെ 40 ഓളം തൊഴിലാളികളിൽ 23 പേർക്ക് പല കാരണങ്ങളാൽ പരിപാടിയിൽ പങ്കെടുക്കാനായില്ല. ഇതിന് ശേഷം ഇന്ന് ജോലിയ്‌ക്ക് എത്തിയപ്പോഴാണ് സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് ജോലിയില്ല എന്ന് മേറ്റ് കടുത്ത നിലപാടെടുത്തത്.
സെപ്റ്റംബർ 30-നാണ് മുഖ്യമന്ത്രി പങ്കെടുത്ത എൻആർഇജി സംസ്ഥാന സമ്മേളനം തിരുവല്ലയിൽ നടന്നത്. ഇതിനായി ഓരോ തൊഴിലാളിയിൽ നിന്നും 100 രൂപ പിരിവ് ഇനത്തിലും മെമ്പർഷിപ്പിനായി 20 രൂപയും ഈടാക്കിയിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത സമ്മേളനത്തിൽ എത്താതിരുന്നതിനാൽ 23 കുടുംബങ്ങൾ പട്ടിണിയിലാകുന്ന അവസ്ഥയാണിപ്പോൾ. ഇനി തൊഴിൽ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ.