അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ 2019 ലെ തോൽവിയ്‌ക്ക് പകരം ചോദിച്ച് ന്യൂസിലൻഡ്. 2023 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 9 വിക്കറ്റിനാണ് അടിയറവ് പറയിച്ചത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 36.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഒരു വിക്കറ്റെടുക്കുകയും സെഞ്ച്വറി നേടുകയും ചെയ്ത രചിനാണ് മത്സരത്തിലെ താരം.
ന്യൂസിലൻഡിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് വിജയത്തിൽ പങ്ക് വഹിച്ചത്. 82 പന്തുകൾ ബാക്കിനിൽക്കെയാണ് സെഞ്ച്വറി പ്രകടനം നടത്തിയ ഡവോൺ കോൺവെയുടെയും യുവതാരം രചിൻ രവീന്ദ്രയുടെയും കൂട്ട്‌കെട്ടിൽ ന്യൂസിലൻഡ് കണക്ക് തീർത്തത്. രചിൻ- കോൺവെ കൂട്ടുകെട്ടിലിൽ 273 റൺസാണ് പിറന്നത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ വിൽ യങ്ങിനെ പുറത്താക്കി സാം കറൻ ന്യൂസിലൻഡിനെ വിറപ്പിച്ചു. എന്നാൽ പിന്നീട് ബാറ്റിംഗിനെത്തിയ ഓൾറൗണ്ടർ രചിൻ രവീന്ദ്രയും അപകടകാരിയായ ഡെവോൺ കോൺവെയും ഇംഗ്ലണ്ട് ബൗളർമാരെ വിറപ്പിച്ചു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ ജോസ് ബട്ലർക്ക് സാധിച്ചില്ല. 13-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. 96 പന്തുകൾ നേരിട്ട രചിൻ അഞ്ച് സിക്സും 11 ഫോറും നേടി. കോൺവെ 121 പന്തുകൾ നേരിട്ടു. മൂന്ന് സിക്സും 19 ഫോറും കോൺവെയുടെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.
26-ാം ഓവറിലെ ആദ്യ പന്തിൽ സിംഗിളെടുത്തുകൊണ്ടാണ് കോൺവെ സെഞ്ചുറി കുറിച്ചത്. ലോകകപ്പിലെ ആദ്യ സെഞ്ച്വറിയാണ് കോൺവേയുടേത്.കോൺവെയ്‌ക്ക് പിന്നാലെ രചിനും സെഞ്ചുറി നേടി. വെറും 82 പന്തുകളിൽ നിന്നാണ് രചിന്റെ സെഞ്ചുറി പിറന്നത്. ഇതോടെ ലോകകപ്പിലെ ഒരു ന്യൂസിലൻഡ് താരത്തിന്റെ അതിവേഗ സെഞ്ചുറി എന്ന റെക്കോഡും യുവതാരം സ്വന്തം പേരിലാക്കി. താരത്തിന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയുമാണിത്.
സെഞ്ച്വറിക്ക് ശേഷം രചിനും കോൺവെയും അടിച്ച്തകർത്തതോടെ നിശ്ചിത ഓവറിന് മുമ്പേ ന്യൂസിലൻഡ് വിജയത്തിലെത്തി. കോൺവെ (152), രചിൻ (123) റൺസെടുത്തു. ഇംഗ്ലണ്ടിനായി ഏക വിക്കറ്റ് വീഴ്‌ത്തിയത് സാം കറനാണ്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. 77 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.
ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് മലാനും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. 40 റൺസ് എഴുതിച്ചേർത്ത ഈ കൂട്ടുകെട്ട് മലാനെ പുറത്താക്കി മാറ്റ് ഹെന്റി പൊളിച്ചു. പിന്നാലെ വന്ന ജോ റൂട്ടിനെ കൂട്ടുപിടിച്ച് ബെയർസ്റ്റോ ടീം സ്‌കോർ 50 കടത്തി. എന്നാൽ ബെയർസ്റ്റോയ്‌ക്കും പിടിച്ചുനിൽക്കാനായില്ല. 33 റൺസെടുത്ത താരത്തെ മിച്ചൽ സാന്റ്നർ പുറത്താക്കി. പിന്നാലെയെത്തിയ ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട് പ്രകടനം അനാവശ്യ ഷോട്ടിൽ 25 റൺസെടുത്ത് താരവും മടങ്ങി. പിന്നാലെ വന്ന മോയിൻ അലി 11 റൺസുമായി മടങ്ങിയതോടെ ഇംഗ്ലണ്ട് 118 ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
ആറാമനായി ക്രീസിലെത്തിയ നായകൻ ജോസ് ബട്ലർ റൂട്ടിന് മികച്ച പിന്തുണ നൽകിയതോടെ സ്‌കോർ 188 -ൽ എത്തി. ബട്ലറെ സാക്ഷിയാക്കി റൂട്ട് അർദ്ധസെഞ്ചുറി നേടി. 43 റൺസെടുത്ത ബട്ലറെ മാറ്റ് ഹെന്റി പുറത്താക്കി. ഇതോടെ ടീം പതറി. പിന്നാലെ വന്ന ലിയാം ലിവിംഗ്സ്റ്റണെ കൂട്ടുപിടിച്ച് റൂട്ട് ടീം സ്‌കോർ 200 കടത്തി. എന്നാൽ ലിവിംഗ്‌സറ്റണും ഇംഗ്ലണ്ട് നിരയിൽ തിളങ്ങാനായില്ല. 86 പന്തിൽ 77 റൺസെടുത്ത റൂട്ടിനെ ഗ്ലെൻ ഫിലിപ്സും ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
സാം കറൻ (14), ക്രിസ് വോക്സ് (11) എന്നിവരും ഇംഗ്ലണ്ട് ആരാധകരെ നിരാശപ്പെടുത്തി. അവസാന വിക്കറ്റിൽ മാർക്ക് വുഡും ആദിൽ റഷീദും ചേർന്ന് ടീം സ്‌കോർ 280 കടത്തി. വുഡ് 13 റൺസെടുത്തു. 15 റൺസ് നേടി റഷീദ് പുറത്താവാതെ നിന്നു. 3 വിക്കറ്റ് വീഴ്‌ത്തിയ മാറ്റ് ഹെന്റിയാണ് കീവിസ് നിരയിലെ താരം. മിച്ചൽ സാന്റ്നർ, ഗ്ലെൻ ഫിലിപ്സ് എന്നിവർ രണ്ട് വിക്കറ്റും ട്രെന്റ് ബോൾട്ടും രചിൻ രവീന്ദ്രയും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.