ന്യൂഡൽഹി: മദ്യനയകുംഭകോണ കേസിൽ ആംആദ്മി എംപി സഞ്ജയ് സിംഗ് അറസ്റ്റിലായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കേന്ദ്ര വാർത്താ വിക്ഷേപണമന്ത്രി അനുരാഗ് ഠാക്കൂർ. ഡൽഹി ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മദ്യനയ കുംഭകോണ കേസിൽ ജയിലിലാണ്. എന്നാൽ യഥാർത്ഥ സൂത്രധാരൻ ഇപ്പോഴും പുറത്താണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ എഎപി നേതാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അരവിന്ദ് കെജ്‌രിവാൾ സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് നൽകിയ ആളുകൾ ഇന്ന് ജയിലിൽ കഴിയുകയാണ്. ഉപമുഖ്യമന്ത്രി ജയിലിൽ, ആരോഗ്യമന്ത്രി ജയിലിൽ. ജനങ്ങൾ കെജ്‌രിവാളിനെ നോക്കി ചിരിക്കുകയാണ്. ‘അഴിമതിയ്‌ക്കെതിരെ ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിലെത്തിയവർ ഇപ്പോൾ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്’ ഠാക്കൂർ പരിഹസിച്ചു.
ഡൽഹി മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിനെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യനയ കേസിൽ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്നതാണ് സഞ്ജയ് സിംഗിനെതിരായുള്ള കേസ്. എംപിയുടെ വസതിയിൽ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയക്കേസിൽ എഎപി നേതാവ് മനീഷ് സിസോദിയയും മറ്റൊരു കേസിൽ സത്യേന്ദർ ജെയിനും ഇപ്പോൾ ജയിലിലാണ്.















