ഇന്ത്യ ബഹിരാകാശ നിലയം നിർമ്മിക്കുമെന്നറിയിച്ച് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ചന്ദ്രയാൻ-3 ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ കൂടുതൽ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങൾക്ക് പദ്ധതിയിടുകയാണ് ഐഎസ്ആർഒ. ബഹിരാകാശ നിലയത്തിന്റെ നിർമ്മാണവും ദീർഘ കാല മനുഷ്യ ബഹിരാകാശ യാത്രയും ഉൾപ്പെടെ ഭാവി ദൗത്യങ്ങളെപ്പറ്റി വിശകലനം ചെയ്യുകയാണെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു.
ചാന്ദ്ര ദൗത്യം വിജയിച്ചതിന് പിന്നാലെ മറ്റ് സാധ്യതകളെക്കുറിച്ചും പഠിക്കുകയാണെന്ന് സോമനാഥ് വ്യക്തമാക്കി. ബഹിരാകാശ നിലയം ഇന്ത്യൻ ബഹിരാകാശ സമ്പദ് വ്യവസ്ഥയ്‌ക്ക് ഏത് തരത്തിലാണ് പ്രയോജനകരമാകുന്നതെന്ന് പഠിക്കുകയാണ്. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രനിൽ ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയാക്കി. ജൂലൈ 14-ന് വിക്ഷേപണം നടത്തുകയും ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയും ചെയ്തു.
വരും വർഷങ്ങളിൽ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണത്തിന് പദ്ധതിയിടുകയും റോബോട്ടിക് ഓപ്പറേഷൻ ആരംഭിക്കുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്ത് നിന്നും ഇതുവരെയും ബഹിരാകാശത്തേക്ക് യാത്രികരെ അയച്ചിട്ടില്ല. ഇതിനായുള്ള പരിശ്രമത്തിലാണെന്നും സോമനാഥ് വ്യക്തമാക്കി.















