ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കാൻ കമ്പനികൾ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഇതിനായി ദശലക്ഷ കണക്കിന് ഡോളറുകളാണ് ഇവർ മുടക്കുന്നത്. ഒരു ബില്യണിലധികം ആരാധകർ ലോകകപ്പ് വേദികളിലെത്തുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. ടൂർണമെന്റിനിടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ കമ്പനികൾ ഏകദേശം 2,000 കോടി രൂപ പരസ്യങ്ങൾക്കായി ചിലവഴിക്കുമെന്ന് ഡിലോയിറ്റ് ഇന്ത്യയുടെ പങ്കാളിയായ ജെഹിൽ തക്കർ പറഞ്ഞു. മത്സരങ്ങൾക്കിടയിൽ 10 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിന് 30 ലക്ഷം രൂപയാണ് ചിലവ്. 2019 ലെ ലോകകപ്പിനെ അപേക്ഷിച്ച് ഇത് 40% കൂടുതലാണ്.
ഇന്ത്യയിൽ ജനപ്രിയമായ ഒരു കായികവിനോദമാണ് ക്രിക്കറ്റ്. കമ്പനികൾ സ്‌പോൺസർഷിപ്പിനും മറ്റുമായി ഭീമൻ തുകയാണ് ചിലവാക്കുന്നത്. ലോകകപ്പ് സമയത്ത് പരസ്യത്തിനായി പണം നൽകുന്ന ബ്രാൻഡുകളിൽ കൊക്കകോള, ഗൂഗിൾ പേ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് തുടങ്ങിയ വലിയ കോർപ്പറേറ്റ് പേരുകളും ഉൾപ്പെടുന്നു. അതേസമയം ഐസിസിയുടെ ഔദ്യോഗിക പങ്കാളികളുടെ പട്ടികയിൽ സൗദി അരാംകോ, എമിറേറ്റ്‌സ്, നിസാൻ മോട്ടോർ എന്നിവയും ഉൾപ്പെടുന്നു. ലോകകപ്പിന്റെ സംപ്രേക്ഷണ അവകാശം കൈവശമുള്ള ഡിസ്നി സ്റ്റാർ, മദ്യ കമ്പനിയായ ഡിയാഗോ പി.എൽ.സി എന്നിവയുൾപ്പെടെ 26 സ്പോൺസർമാരുമായി പങ്കാളിത്തത്തിലാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഐസിസി പറഞ്ഞു.















