ചെന്നൈ: പീഡന കേസിൽ പിടിയിലായ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെ ഉടൻ കേരളത്തിൽ എത്തിക്കും. ചെന്നൈയിൽ എത്തി കേരള പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കാസർകോട് ചന്തേര പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് ചെന്നൈയിൽ എത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തത്.
ചന്തേരയിൽ എത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. പീഡനം, ലൈംഗികാതിക്രമം, സാമ്പത്തിക കുറ്റകൃത്യം എന്നീ വകുപ്പുകൾ പ്രകാരമാണ് ചന്തേര പോലിസ് ഷിയാസിനെതിരെ കേസെടുത്തിരുക്കുന്നത്. ഹൈക്കോടതി ഇയാൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ നടനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ഗൾഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ കസ്റ്റംസ് അധികൃതർ അദ്ദേഹത്തെ തടഞ്ഞ് വെക്കുകയായിരുന്നു.
ഷിയാസ് കരീം എത്തിയ വിവരം ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കാസർകോട് ചന്തേര പോലീസിനെ അറിയിച്ചിട്ടുണ്ട്. ഷിയാസ് കരീമിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തടഞ്ഞ് വെച്ചത്.