ഹഠയോഗയുടെ മൂന്ന് ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ ഒന്നാണ് ഘേരണ്ഡ സംഹിത. ഹഠയോഗ പ്രദീപികയും, ശിവസംഹിതയും ആണ് മറ്റുള്ളവ. പതിനേഴാം നൂറ്റാണ്ടിൽ നിന്നുള്ള യോഗ ഗ്രന്ഥമാണ് ഘേരണ്ഡ സംഹിത. ഘേരണ്ഡ മഹർഷിയും ചണ്ഡകാപാലിയും തമ്മിലുള്ള സംഭാഷണ രൂപത്തിലുള്ള ഗ്രന്ഥമാണ് ഘേരണ്ഡസംഹിത.
തത്വജ്ഞാനത്തിന് കാരണമായിരുന്ന യാതൊരു ഘടസ്ഥയോഗമുണ്ടോ അത് ഞാൻ അറിയുവാൻ ആഗ്രഹിക്കുന്നു എന്ന് ചണ്ഡകാപാലി , ഘേരണ്ഡമഹർഷിയോട് ചോദിക്കുന്നു. അതിനു മറുപടിയുമായി ഘേരണ്ഡമഹർഷി ഉപദേശിച്ചിട്ടുള്ളതാണ് ഈ ഗ്രന്ഥം
ഉപദേശ രൂപത്തിലുള്ള അഞ്ച് അദ്ധ്യായത്തിലാണ് ഈ ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് ഹഠയോഗക്കും ശുദ്ധീകരണ കർമ്മത്തിനുമാണ് പ്രാധാന്യം. ധ്യാനം, യോഗികളുടെ ഭക്ഷണക്രമം എന്നിവയും വിശദീകരിക്കുന്നുണ്ട്.പ്രഥമ ഉപദേശ അദ്ധ്യായത്തിൽ സപ്തസാധനയും ഷഡ് കർമ്മവും വിശദീകരിക്കുന്നു. ധൗതി,അന്തർധൗതി,വാതസാര അന്തർധൗതി, ജീഹ്വാമൂല ധൗതി, കർണരന്ധ്രധൗതി, കപാലരന്ധ്രധൗതി, ഹ്രദ്ധൗതി, ദണ്ഡധൗതി ,വസോധൗതി, എന്നിവയും മൂലശോധനകർമ്മം, വസ്തി കർമ്മം, ജലവസ്തി , ശുഷ്‌കവസ്തി , നേതികർമ്മം ,ത്രാടക , കപാലഭാതി കർമ്മം,വ്യുത്ക്രമ കപാലഭാതി, ശീതക്രമ, എന്നിവ വിവരിക്കുന്നു.
രണ്ടാം അദ്ധ്യയത്തിൽ ആസനങ്ങളാണ് വിവരിക്കുന്നത്, മുപ്പത്തി മൂന്ന് ആസനഭേദങ്ങൾ എന്നിവ ഉൾപ്പെടുന്നു. മൂന്നാം അദ്ധ്യായത്തിൽ മുദ്രകളും അവയുടെ മാഹാത്മ്യങ്ങളുമാണ് വിവരിക്കുന്നത്. മഹാമുദ്ര, നഭോ ,ഖേചരി ,വിപരീതകരണീ ,ശക്തി ചാലന ,താടാഗീ മുദ്ര, മാണ്ഡൂകി , ശാംഭവി, പഞ്ചാധാരണി, പാർഥവിധാരണി, ആംഭസിധാരണ മുദ്ര, ആഗ്നേയ ധാരണ, വായവീ ധാരണ, ആകാശീധാരണ മുദ്ര, പാശിനീ, കാകീ , മാതംഗീ, ഭുജംഗിനീ , തുടങ്ങി മുദ്രകളും ഉഡ്ഢീയാന ബന്ധം , ജാലന്ധര ബന്ധം, മൂല ബന്ധം, മഹാബന്ധം , മഹാവേധ ബന്ധം, തുടങ്ങിയവയും വിവരിക്കുന്നുണ്ട്.
യോഗികളുടെ ആഹാരക്രമത്തെയാണ് നാലാം അദ്ധ്യയം വിവരിക്കുന്നത്. അഞ്ചാം അദ്ധ്യയത്തിൽ പ്രാണായാമം വിവരിക്കുന്നു. മാത്രമല്ല നാഗാദിപഞ്ചവായുക്കളുടെ സ്ഥാനങ്ങൾ ദശപ്രാണൻ എന്നിവ വിവരിക്കുന്നു. ഈ അദ്ധ്യായത്തിൽ തന്നെ ധ്യാനകോശം പ്രകരണത്തിൽ സ്ഥൂല ധ്യാനം, ജ്യോതിർമയധ്യാനം, സൂക്ഷ്മ ധ്യാനം എന്നിവ ഉപദേശിക്കുന്നു. പിന്നീടാണ് സമാധിയോഗ പ്രകരണം, ധ്യാന യോഗ സമാധി, നാദയോഗ സമാധി, രസാനന്ദ യോഗ സമാധി, ലയ സിദ്ധിയോഗ സമാധി, ഭക്തി യോഗ സമാധി, രാജയോഗ സമാധി. സമാധി യോഗമാഹാത്മ്യം എന്നിവയും വിവരിക്കുന്നു.
ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.
യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://janamtv.com/tag/dr-akshay-m-vijay/