ന്യൂഡൽഹി: മദ്യനയകുംഭകോണ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിനെ അഞ്ച് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിസൽ വിട്ടു. ഒക്ടോബർ 10 വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഡൽഹി കോടതി സ്‌പെഷ്യൽ ജഡ്ജി എംകെ നാഗ്പാലിന്റെതാണ് ഉത്തരവ്. സഞ്ജയ് സിംഗ് രണ്ട് കോടി രൂപ കൈപ്പറ്റിയതായും കേസിലെ പ്രധാന ഗൂഢാലോചനക്കാരനാണെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സഞ്ജയ് സിംഗിനെ ഇഡി കസ്റ്റഡിയിൽ വിട്ടത്.
ഡൽഹി മദ്യനയ കേസിൽ പണമിടപാടിന്റെ ഭാഗമായി ഒരു വ്യവസായിയുടെ കൈയ്യിൽ നിന്ന് സഞ്ജയ് സിംഗ് രണ്ട് കോടി രൂപ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. കേസിലെ പ്രതിയും വ്യവസായിയുമായ ദിനേശ് അറോറ ഉൾപ്പെടെ മറ്റ് പ്രതികളുമായി എഎപി നേതാവിന് അടുത്ത ബന്ധമുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. സഞ്ജയ് സിംഗിന്റെ വസതിയിൽ നിന്ന് നിരവധി ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
അറോറയിലെ ജീവനക്കാരനായ സർവേഷാണ് പണം എത്തിച്ചതെന്നാണ് എഎപി നേതാവിനെതിരായുള്ള പരാതി. കസ്റ്റഡി കാലാവധി കഴിയുന്ന ദിവസം ഇയാളെ കോടതിയിൽ ഹാജരാക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
സഞ്ജയ് സിംഗിന്റെ വസതിയിൽ നടന്ന മണിക്കൂറുകൾ നീണ്ട പരിശോധനക്കൊടുവിലാണ് ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് ശേഷം അറസ്റ്റിലാകുന്ന രണ്ടാമത്തെ എഎപി നേതാവാണ് സഞ്ജയ് സിംഗ്. ഫെബ്രുവരിയിൽ അറസ്റ്റിലായ സിസോദിയ നിരവധി തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളിയിരുന്നു. ഇപ്പോൾ സുപ്രീം കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.