ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹർജിയിലെ വാദം എന്ന് തുടങ്ങുമെന്ന് കോടതി ഈ മാസം 12ന് തീരുമാനിക്കും. ഭരണണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുളള കേസുകൾ അടുത്തയാഴ്ച ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈചന്ദ്രചൂഡ് ഇന്ന് വ്യക്തമാക്കി.
അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിവിധ വിഷയങ്ങളിൽ വാദം പൂർത്തിയാക്കി വിധി പറയാനിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് 7,9 അംഗ ബെഞ്ചുകളുടെ പരിഗണനയിലുളള കേസുകളുടെ വാദം ഉടനുണ്ടാകുമെന്ന് മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
9 അംഗ ബെഞ്ചിന്റെ പരിഗണനയിലാണ് ശബരിമല യുവതി പ്രവേശന കേസ്. ഈ ബെഞ്ചിന്റെ പരിഗണനയിലേക്ക് വിവിധ കേസുകൾ വരുമ്പോൾ യുവതി പ്രവേശനം സംബന്ധിച്ച കേസും ഉൾപ്പെടുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം 7 അംഗ ബെഞ്ചിന്റെ പരിഗണനയിൽ വന്ന കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു. ബെഞ്ചിന്റെ പരിഗണനയിൽ മറ്റുചില ഹർജികൾ കൂടെ ബാക്കിയുണ്ട്. ഇതിൽ വാദം പൂർത്തിയാക്കി വിധി പറഞ്ഞാൽ 9 അംഗ ബെഞ്ചിന്റെ പരിഗണനയിലേക്കുളള കേസുകളിലേക്ക് സുപ്രീംകോടതി കടക്കും.