ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമം ആണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നാണ് പറയുന്നത്. ഇത്തരത്തിൽ ചെയ്യുന്നത് വഴി അണുക്കളെ നശിപ്പിക്കാൻ കഴിയും. തിളപ്പിച്ച വെള്ളത്തിന്റെ ചൂട് ആറാനായി പലരും കാത്തിരിക്കാറില്ല. മറിച്ച് ചൂടുവെള്ളത്തിലേക്ക് പച്ചവെള്ളം ചേർക്കാറാണ് പതിവ്.
ഇങ്ങനെ ചെയ്യുന്നത് വഴി ചൂടുവെള്ളത്തിൽ നിന്ന് ലഭിക്കേണ്ട ഗുണങ്ങൾ ലഭിക്കാതെ വരുമെന്നതാണ് വാസ്തവം. തിളപ്പിച്ച വെള്ളം കുടിച്ചാൽ ലഭിക്കേണ്ട ഗുണവും പച്ചവെള്ളം ചേർക്കുന്നത് വഴി നഷ്ടമാകുന്നു. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വിധം അണുക്കളും മാലിന്യങ്ങളും നിറഞ്ഞതാണ് പച്ചവെള്ളം. ഇവ ഇല്ലാതാക്കി ശുചിയാക്കാനാണല്ലോ വെള്ളം ചൂടാക്കുന്നത്. എന്നാൽ തിളപ്പിച്ചാറ്റിയ വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിക്കുമ്പോൾ കുടിവെള്ളം മാലിന്യമാവുകയാണ് ചെയ്യുന്നത്. കോളിഫോം ബാക്ടീരിയയുടെ അളവും കൊതുക് മുട്ടയിടുന്നതുമെല്ലാം വെള്ളത്തെ മലിനമാക്കുന്നു . ഇവ തിളപ്പിക്കാതെ ഉപയോഗിക്കുന്നതിന് പുറമേ തിളപ്പിച്ച വെള്ളത്തിൽ ചേർക്കുന്നതും ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിക്കും.
ഇതുപോലെ തന്നെ തേൻ ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കാത്തവരും വിരളമായിരിക്കും. ഇങ്ങനെ കഴിക്കുമ്പോൾ വിഷാംശം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. തേൻ ചൂട് വെള്ളവുമായി കലരുമ്പോൾ അത് പിന്നീട് ഒരിക്കലും വേർതിരിക്കാൻ കഴിയാത്ത വിധം വിഷമയമുള്ളതായി മാറുന്നുവെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. തേൻ 140 ഡിഗ്രി ചൂടാക്കിയാൽ പിന്നെ വിഷമായി മാറുന്നു.















