ഏഷ്യന്‍ ഗെയിംസില്‍ അഫ്ഗാനിസ്ഥാന്റെ വമ്പന്‍ അട്ടിമറി. പാകിസ്താനെ അടിച്ചുപുറത്താക്കി അഫ്ഗാന്‍ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യയാണ് അഫ്ഗാന്റെ എതിരാളി. നാല് വിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. താരതമ്യേന ചെറിയ വിജയലക്ഷ്യം വെല്ലുവിളികളൊന്നുമില്ലാതെ അഫ്ഗാന്‍ മറികടക്കുകയായിരുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം അഫ്ഗാനിസ്ഥാന്‍ 17.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
സെമിയിൽ അഫ്ഗാനായി 33 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 39 റണ്‍സെടുത്ത നൂര്‍ അലി സദ്റാന്‍ ആണ് ടോപ് സ്‌കോറര്‍. 19 പന്തില്‍ ഒരു ഫോറും മൂന്ന് സിക്സ് സഹിതം പുറത്താകാതെ 26 റണ്‍സെടുത്ത നായകന്‍ ഗുല്‍ബാദിന്‍ നായിം വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
13 റണ്‍സെടുത്ത അഫ്സര്‍ സസായ് ആണ് രണ്ടക്കം കടന്ന മറ്റൊരു അഫ്ഗാന്‍ താരം.നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഫരീദ് അഹമ്മദാണ് തകര്‍ത്തത്. കൈ്വസ് അഹമ്മദും സഹീര്‍ ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.24 റണ്‍സെടുത്ത ഓപ്പണര്‍ ഒമൈര്‍ യൂസഫ് മാത്രമാണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍.