ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതാണോ സാവധാനത്തിൽ കഴിക്കുന്നതാണോ ആരോഗ്യത്തിന് ഗുണകരമെന്ന് പലരുടെയും സംശയമാണ്. ഭക്ഷണം 32 തവണ ചവച്ചരച്ച് സാവധാനം വിഴുങ്ങിയിറക്കണമെന്നാണ് പണ്ടുള്ളവർ പറയുന്നത്. എന്നാൽ ഭക്ഷണത്തിന് മുന്നിൽ ചടഞ്ഞ് കൂടിയിരിക്കാതെ പെട്ടെന്ന് കഴിച്ച് തീർക്കണമെന്നും വേഗത്തിൽ കഴിച്ചാൽ വേഗത്തിൽ ശരീരഭാരം വെയ്‌ക്കുമെന്നും മറ്റ് ചിലർ പറയുന്നു.
ഈ രണ്ട് അഭിപ്രായക്കാരും പറയുന്നത് ഒരു തരത്തിൽ നോക്കിയാൽ ശരിയാണെങ്കിലും ഭക്ഷണം സാവധാനം കഴിക്കുന്നതാണ് ആരോഗ്യത്തിന് അത്ത്യൂത്തമം. നന്നായി ചവച്ചരച്ച് സാവധാനം കഴിച്ചാൽ അത് പല്ലുകൾക്ക് വ്യായാമം ലഭിക്കുന്നതോടൊപ്പം ദഹന പ്രക്രിയകൾ സുഗമമായി നടക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെത്തുന്ന പോഷക ഘടകങ്ങളെ നന്നായി ആഗീരണം ചെയ്യാൻ സഹായിക്കും. ദഹന എൻസൈമുകൾക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനും ഭക്ഷണം സാവധാനത്തിൽ കഴിക്കുന്നതിലൂടെ സാധിക്കും.
വേഗത്തിൽ ആഹാരം കഴിച്ചാൽ ശരീരഭാരം വർദ്ധിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് കലോറി വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് പഠനം തെളിയിക്കുന്നത്. ഇങ്ങനെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നവർക്ക് എത്ര കഴിച്ചാലും സംതൃപ്തി ഉണ്ടാകാറില്ല. അമിത ഭാരമുള്ള ആളുകൾ ആഹാരം കഴിച്ചതിന് ശേഷം തൃപതരാകുന്നില്ലെന്നാണ് നാനാവതി മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റ് ആൻഡ് ന്യൂട്രീഷ്യൻ വിദഗ്ധർ പറയുന്നത്.
വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് മൊത്തത്തിലുള്ള ദഹനത്തിന് ദോഷകരമായി ബാധിക്കും. പെട്ടെന്ന് ഭക്ഷണം കഴിക്കുന്നവർ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാറില്ല. ഇത് ദഹനപ്രക്രിയ നന്നായി നടക്കുന്നതിന് തടസമാകുന്നു. അമിത വണ്ണം, അസിഡിറ്റി, കുടൽ രോഗം എന്നിവയ്‌ക്ക് കാരണമാകുമെന്നും വിദഗ്ധർ വ്യക്തമാക്കി. ഭക്ഷണം വേഗത്തിൽ കഴിക്കുന്നത് ‘ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ്, ഹൃദ്രോഗങ്ങൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.















