ഹാങ്‌ചോ: 2023 ഏഷ്യൻ ഗെയിംസ് അമ്പെയ്‌ത്തിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷൻമാരുടെ റിക്കർവ് ടീം ഇനത്തിലാണ് ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കിയത്. അതാനു ദാസ്, ദീരജ് ബൊമ്മദേവര, തുഷാർ പ്രഭാകർ ഷെൽക്കെ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. ഫൈനലിൽ ദക്ഷിണ കൊറിയയോടാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്.
വനിതകളുടെ ഗുസ്തിയിലും ഇന്ത്യക്ക് മെഡലുണ്ട്. 76 കിലോ വിഭാഗത്തിൽ കിരൺ ബിഷ്ണോയ് വെങ്കലം നേടി. മംഗോളിയയുടെ അരിയുൺജർഗ ഗൻബാത്തിനെ 3-0 ന് തകർത്താണ് താരത്തിന്റെ വിജയം. വനിതകളുടെ 61 കിലോ വിഭാഗം ഫ്രീസ്‌റ്റൈൽ ഗുസ്തിയിയിലും ഇന്ത്യക്ക് മെഡൽ നേട്ടം. മുൻ ലോകചാമ്പ്യനായ ചൈനയുടെ ലോങ് ജിയയെ തകർത്താണ് സോനം വെങ്കലം നേടിയത്. സ്‌കോർ: 7-5. അതേസമയം സെപക്തക്രോയിൽ വെങ്കലം നേടി ഇന്ത്യൻ വനിതാ ടീം. സെമിയിൽ തായ്ലൻഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നേട്ടം വെങ്കലത്തിലൊതുങ്ങുകയായിരുന്നു.
ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ സമ്പാദ്യം 92 മെഡലായി. 21 സ്വർണവും 33 വെള്ളിയും 38 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.















