വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമാകാതെ സൂക്ഷിക്കാൻ പുതിയ ഗാലക്‌സി സ്മാർട് ടാഗ് 2 പ്രഖ്യാപിച്ച് സാംസങ് ഇലക്ട്രോണിക്‌സ്. ആദ്യ സ്മാർട് ടാഗ് അവതരിപ്പിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കമ്പനി ഇതിന്റെ പുതിയ വേരിയന്റ് അവതരിപ്പിക്കുന്നത്. ഒക്ടോബർ 11-ന് ഗാലക്‌സി സ്മാർട് ടാഗ് 2 ആഗോള വിപണിയിലെത്തും. കൂടുതൽ ട്രാക്കിംഗ് ഫീച്ചറുകളുമായാണ് പുതിയ വേരിയന്റ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടുകയാണെങ്കിൽ അവ എവിടെയെന്ന് കണ്ടെത്താനാകും. കൂടാതെ ഇഷ്ട വളർത്തുമൃഗങ്ങളെ കണ്ടെത്തുന്നതിനും ഈ ടാഗ് പ്രയോജനപ്പെടുത്താനാകും. ഇതിലെ ലോസ്റ്റ് മോഡ് ഉപയോഗിച്ച് ഉപഭോക്താവിന് തങ്ങളുടെ കോൺടാക്ട് വിവരങ്ങൾ ഒരു ടെക്‌സ്റ്റ് മെസേജിന്റെ സഹായത്തോടെ ടാഗിൽ ചേർക്കാൻ സാധിക്കും.
ടാഗ് ഘടിപ്പിച്ചിട്ടുള്ള വസ്തുവോ വളർത്തു മൃഗമോ നഷ്ടമാകുകയാണ് എങ്കിൽ അത് മറ്റാരുടെയെങ്കിലും കയ്യിൽ എത്തിയാൽ അവർക്ക് അവരുടെ എൻഎഫ്‌സി സംവിധാനമുള്ള സ്മാർട്‌ഫോൺ ഉപയോഗിച്ച് ടാഗ് സ്‌കാൻ ചെയ്ത് ഉടമയുടെ വിവരങ്ങൾ കണ്ടെത്താൻ സാധിക്കും. എൻഎഫ്‌സി സംവിധാനമുള്ള ഏത് സ്മാർട്ട്‌ഫോണിലും എൻഎഫ്‌സി റീഡിലും വെബ് ബ്രൗസറിലും ഇത് പ്രവർത്തിക്കും.
ദൈർഘ്യ മേറിയ ബാറ്ററിലൈഫ് ഇതിന്റെ പ്രധാന സവിശേഷതയാണ്. 700 ദിവസമാണ് പവർ സേവിംഗ് മോഡിൽ ഗാലക്‌സി സ്മാർട് ടാഗിലെ ബാറ്ററി ദൈർഘ്യം. സാധാരണ മോഡിൽ പ്രവർത്തിപ്പിക്കുകയാണെങ്കിൽ 500 ദിവസം ചാർജ് ഉണ്ടാകും. ഐപി 67 റേറ്റിംഗോട് കൂടിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.















