നമുക്ക് ആവശ്യമുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാം സ്വന്തം പാടത്തും പറമ്പിലും കൃഷി ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതൊക്കെ ഇന്ന് മൺമറഞ്ഞു പോയിരിക്കുകയാണ്. വിഷാംശങ്ങളടങ്ങിയ പച്ചക്കറികൾ ഭക്ഷിക്കുന്നതു മൂലം കേട്ടുകേൾവി പോലുമില്ലാത്ത പല തരം രോഗങ്ങളാണ് മനുഷ്യരിൽ ഇന്ന് പിടിപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇവ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.
പച്ചക്കറികൾ വാങ്ങി വെറുതെ വെള്ളത്തിൽ ഇട്ടു വെക്കാതെ ചെറു ചൂടുവെള്ളത്തിൽ അൽപം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കുറച്ചു നേരം മുക്കിവെയ്‌ക്കുക. വാളൻ പുളി ഉപയോഗിച്ചും പച്ചക്കറിയിലെ വിഷാംശങ്ങൾ ഒരു പരിധിവരെ തടയാൻ സാധിക്കും. തക്കാളിയും കറിവേപ്പിലയും പച്ചമുളകുമൊക്കെ വാളൻ പുളി ലായനിയിൽ കുറച്ച് സമയം ഇട്ടുവെച്ചതിന് ശേഷം ശുദ്ധ ജലത്തിൽ കഴുകി ഉപയോഗിക്കാം.
വിനാഗിരിയും പച്ചക്കറികളിലെ വിഷാംശങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. വിനാഗിരിയിൽ അൽപ സമയം പച്ചക്കറി മുക്കിവെയ്‌ക്കുകയാണെങ്കിൽ വിഷാംശം മാറാൻ സഹായിക്കുന്നതാണ്. ഇതിനുപുറമെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ നന്നായി കഴുകിയതിനു ശേഷം മാത്രം പാചകം ചെയ്യുക.















