ജോധ്പൂർ: ബിഹാറിൽ നടത്തിയ ജാതി സർവേയുടെ മാതൃകയിൽ രാജസ്ഥാനിലും ജാതി സർവേ നടത്തുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സംസ്ഥാനസമിതി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. യോഗത്തിൽ രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ രൺധാവ, മുഖ്യമന്ത്രി ഗെഹ്ലോട്ട്, ആർപിസിസി പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോതസ്ര തുടങ്ങിയവർ പങ്കെടുത്തു.
ബീഹാറിൽ നടത്തിയതിന് സമാനമായ രീതിയിലാകും സംസ്ഥാനത്തും ജാതി സർവ്വേ നടത്തുകയെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. ” ജാതി സർവ്വേ നടത്തി ജനസംഖ്യാനുപാതികമായ പങ്കാളിത്തം ഉറപ്പാക്കണമെന്നുമുള്ള രാഹുൽ ഗാന്ധിയുടെ ആശയം സംസ്ഥാനത്ത് നടപ്പാക്കും. ഈ തീരുമാനവുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്. പാർട്ടി തീരുമാനത്തിന് മുൻതൂക്കം നൽകിയുള്ള പ്രചാരണം നടത്തും.
രാജ്യത്ത് പല ജാതിയിൽ പെട്ടവരും, പല മതത്തിൽ പെട്ടവരുമുണ്ട്. ഓരോ ജാതിയിലും എത്ര ജനസംഖ്യ വീതം ഉണ്ടെന്ന് അറിഞ്ഞാൽ അവർക്ക് ആവശ്യമായ പദ്ധതികൾ പ്രത്യേകമായി തയ്യാറാക്കാൻ കഴിയും. ജാതി തിരിച്ച് ഓരോ കാര്യങ്ങൾ ചെയ്യുക എന്നത് വളരെ എളുപ്പമാണെന്നും” ഗെഹ്ലോട്ട് പറഞ്ഞു.















