ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും വ്യവസായ രംഗത്തും ഗുജറാത്ത് സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ -മിഡിൽ– ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ഒരറ്റം ഗുജറാത്ത് ആണെന്നും വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സബ്മിറ്റിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുകയാണ് ഇടനാഴിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ ഗൾഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും പുതിയ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ്.
ഇന്ത്യ, ഇറാൻ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ചരക്ക് ഗതാഗതത്തിനായി കപ്പൽ, റെയിൽ, റോഡ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന അന്താരാഷ്‌ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴിയുടെ പ്രധാന്യവും ഇതോടെ വർദ്ധിച്ചു. ഗുജറാത്ത് ഈ ഇടനാഴിയുടെയും ഭാഗമാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീര പ്രദേശമാണ് രാജ്യത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്നത്.
ഇന്ത്യ, ഇസ്രായേൽ, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഐ2യു2. ജലം, ഊർജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യ- ഭക്ഷ്യസുരക്ഷ മേഖലകളിലെ സഹകരണവും സംയുക്ത നിക്ഷേപവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗുജറാത്തിൽ ഐ2യു2വിന്റെ ഭാഗമായി ഹൈബ്രിഡ് എനർജി പാർക്കുകൾ, ഫുഡ് പാർക്കുകൾ എന്നിവയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനുളള ശ്രമം നടന്നുവരികയാണ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങൾ, വ്യോമഗതാഗതത്തിലും സെമി കണ്ടക്ടർ നിർമ്മാണത്തിലും രാജ്യത്തിന്റെ മറ്റ് വ്യവസായ മേഖലയിലും സുപ്രധാന പങ്കാണ് ഗുജറാത്ത് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.















