തന്റെ പുതിയ ചിത്രത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി നടൻ അക്ഷയ് കുമാർ. സിനിമയുടെ പേര് മാറ്റുന്നതിൽ തെറ്റില്ലെന്ന് താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ മിഷൻ റാണിഗഞ്ച് എന്ന ചിത്രത്തിന്റെ ടാഗ് ലൈനിലാണ് അണിയറ പ്രവർത്തകർ മാറ്റിയത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ റെസ്‌ക്യു’ എന്നത് ‘ദി ഭാരത് റെസ്‌ക്യു’ എന്നാണ് അണിയറപ്രവർത്തകർ മാറ്റിയത്. ഭാരത് എന്ന പേര് മാറ്റിയതിൽ മറ്റ് കുഴപ്പങ്ങൾ ഒന്നും തന്നെ തോന്നുന്നില്ലെന്നും സിനിമ ആസ്വദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യ എന്ന പേര് തെറ്റല്ല, എന്നാൽ ഭാരതം എന്ന പേര് മഹത്തരമായ നാമമാണ്. ഭരണഘടനയിൽ പോലും പരാമർശിക്കുന്ന പേരാണ് ബാരത്. അതിനാലാണ് ചിത്രത്തിനും അത് നൽകാൻ തീരുമാനിച്ചതെന്ന് അക്ഷയ് കുമാർ പറഞ്ഞു. കഴിഞ്ഞ മാസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ടൈറ്റിൽ മാറ്റുന്ന വിവരം അണിയറപ്രവർത്തകർ അറിയിച്ചത്. ശരിയായത് ചെയ്യാൻ കാത്തിരിക്കരുതെന്നും ഭാരതത്തിന്റെ യഥാർത്ഥ നായകന്റെ കഥ എന്നും പോസ്റ്റർ പങ്കുവെച്ച് കൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.
350 അടി താഴ്ചയുള്ള ഖനിയിൽ കുടുങ്ങി കിടന്ന 65 ഖനി തൊഴിലാളികളെ രക്ഷപ്പെടുത്തിയ ഭാരതത്തിന്റെ ധീരനായകൻ ജസ്വന്ത് സിംഗ് ഗില്ലിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് മിഷൻ റാണിഗഞ്ച്. ടിനു സുരേഷ് ദേശായി സംവിധാനം ചെയ്ത ചിത്രത്തിൽ പരിനീതി ചോപ്ര, കുമുദ് മിശ്ര, പവൻ മൽഹോത്ര, രവി കിഷൻ, വരുൺ ബഡോല, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരുൾപ്പെടെ വൻ താരനിരയാണ് അണി നിരക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി.