കോട്ടയം: ഉയരെ പറക്കാനുളള ധന്യയുടെ ആഗ്രഹത്തിന് കൂട്ടായി സുരേഷ് ഗോപി. ആദിവാസി വിഭാഗത്തിൽ നിന്നുളള ആദ്യ പൈലറ്റെന്ന നേട്ടം കൈവരിക്കാനുളള സഹായവുമായാണ് താരം ധന്യക്കരികിൽ എത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷൻ അക്കാദമിയിൽ പഠിക്കുന്ന ധന്യ സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുന്ന വാർത്ത അറിഞ്ഞ സുരേഷ് ഗോപി ഉടൻ തന്നെ ആവശ്യമായ തുക അയച്ചു കൊടുക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പഠനം ഉപേക്ഷിക്കാൻ ഒരുങ്ങിയ ധന്യയും ഇപ്പോൾ സന്തോഷത്തിലാണ്. തന്റെ സ്വപ്‌നം പൂർത്തിയാക്കാൻ കൂടെ നിൽക്കുന്ന സുരേഷ് ഗോപിയോടുളള നന്ദിയും കടപ്പാടും അറിയിക്കുകയാണ് ധന്യയും കുടുംബവും. ”എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. മനസ്സിലെന്നും ഈ സഹായം ഉണ്ടാകും”- ധന്യ പറഞ്ഞു. നഗരസഭ ക്ലീനിംഗ് ജീവനക്കാരനായ വാകത്താനം വാലുപറമ്പിൽ മഹേഷിന്റെയും ബിന്ദുവിന്റെയും മകളായ ധന്യയ്‌ക്ക്, പോളിടെക്‌നിക് പഠനകാലത്ത് കണ്ട ‘ഉയരെ’ സിനിമയാണ് ജീവിതത്തിൽ പറക്കാനുളള മോഹം സമ്മാനിച്ചത്.
കഴിഞ്ഞ ദിവസമാണ് ഫീസ് അടയ്‌ക്കാൻ ധന്യ ബുദ്ധിമുട്ടുന്നുവെന്ന വാർത്ത വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മകൾ ലക്ഷ്മിയുടെ ഓർമയ്‌ക്കായി സ്ഥാപിച്ച ‘ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ്’ വഴി പണം നൽകി ധന്യയ്‌ക്ക് കൈത്താങ്ങ് ആവുകയായിരുന്നു മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപി. തന്റെ സ്വപ്നത്തിന് ചിറക് വിരിക്കാൻ സുരേഷ് ഗോപി എത്തിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ധന്യ ഇപ്പോൾ.















